

കൊച്ചി: കേരളത്തെയും പ്രത്യേകിച്ച് കൊച്ചിയെയും ലഹരി മാഫിയ കീഴടക്കുന്ന നിലവിലെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ലഹരി വിരുദ്ധ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നു.

കൊച്ചിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയുടെ മയക്കുമരുന്ന് ഹബ്ബായി രൂപാന്തരപ്പെടുന്നു എന്നുള്ള ആരോപണം നിലനില്‍ക്കുമ്പോഴും മയക്കുമരുന്ന് വ്യാപനത്തെ തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും വേണ്ട വിധത്തില്‍ ഉണ്ടാകുന്നില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ആരോപിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും രാസലഹരിക്ക് അടിപ്പെട്ട് കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ മാതാപിതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന സംഘടനാ നേതാക്കള്‍, അധ്യാപകര്‍, പുരോഹിതര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ജാഗ്രതാ സമിതിക്ക് രൂപംനല്‍കും.
മാര്‍ച്ച് 10ന്് വൈകിട്ട് മൂന്നരയ്ക്ക് എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്‌കയറില്‍ നടക്കുന്ന സാംസ്‌കാരിക സദസ്സ് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഐ എച്ച് ആര്‍ എം പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിക്കും. മുന്‍ എം പി ഡോ. മനോജ് കുരിശിങ്കല്‍ മുഖ്യപ്രഭാഷണം നടത്തും.
മുന്‍ എം പി ഡോ. ചാള്‍സ് ഡയസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, കെ സി വൈ എം ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ഗ്രാന്റ് മസ്ജിദ് ഇമാം എം പി ഫൈസല്‍ അസ്ഹരി, മുന്‍ കോളേജിയേറ്റ് എജ്യൂക്കേഷന്‍ ഡി ഡി ഡോ. എല്‍സമ്മ ജോസഫ് അറക്കല്‍, രാജീവ് പാട്രിക്, ടി സി സുബ്രഹ്മണ്യന്‍, ജോര്‍ജ്ജ് കാട്ടുനിലത്ത്, പി എ ഷാനവാസ്, ഡോ. ബാബു ജോസഫ്, അഡ്വ. വി എം മൈക്കിള്‍, കെ വി കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.

