Connect with us

Featured

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 മുതല്‍ 18 വരെ

Published

on


ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ നവംബര്‍ 3 മുതല്‍ 27 വരെ

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തിയ്യതികള്‍ ഫിഫ നിശ്ചയിച്ചു. ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് ഫൈനല്‍.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ നവംബര്‍ മൂന്നു മുതല്‍ 27 വരെയാണ് നടക്കുക. ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തിയ്യതികള്‍ സ്ഥിരീകരിച്ചത്.
അറബ് കപ്പ് 2021ല്‍ വിജയകരമായി നടത്തിയതാണ് രണ്ടാം തവണയും ഖത്തറിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത്. അറബ് ലോകത്തെ 16 ടീമുകളാണ് ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ല്‍ മത്സരിക്കുക.

ഫുട്ബോളിനെ സ്നേഹിക്കുന്നവര്‍ക്ക് മനോഹരമായ കളി ആഘോഷിക്കാനും വീണ്ടും ഖത്തറിലും മേഖലയിലും പുറത്തുമുള്ളവര്‍ക്കും ഒന്നിച്ചിരിക്കാനുമുള്ള വേദിയായിരിക്കും ടൂര്‍ണമെന്റുകളെന്ന് യുവതാരങ്ങള്‍ക്ക് ആഗോള വേദിയില്‍ തിളങ്ങാനുള്ള അവസരമായിരിക്കും ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തറെന്നും കായിക, യുവജന മന്ത്രിയും രണ്ട് ടൂര്‍ണമെന്റുകളുടെയും എല്‍ ഒ സി ചെയര്‍മാനുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു.

കളിക്കാരെയും ആരാധകരെയും ഒരുപോലെ ലോകോത്തര കായിക സൗകര്യങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതിനും അവര്‍ക്ക് സമ്പന്നമായ സാംസ്‌കാരികവും തടസ്സമില്ലാത്തതുമായ അനുഭവം നല്‍കുന്നതിനും തങ്ങള്‍ ആഗ്രഹിക്കുന്നതായും ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും സാംസ്‌കാരിക പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായിക്കാനുള്ള സ്പോര്‍ട്സിന്റെ കഴിവില്‍ തങ്ങള്‍ വിശ്വസിക്കുന്നതായും ഖത്തറില്‍ പ്രധാന കായിക മത്സരങ്ങള്‍ നടത്താനുള്ള നിരന്തരമായ പ്രതബദ്ധതയാണ് ഇതെന്നും ശൈഖ് ഹമദ് കൂട്ടിച്ചേര്‍ത്തു.

25 ദിവസത്തിനുള്ളില്‍ 104 മത്സരങ്ങള്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 ആയിരിക്കും 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ്. ഫുട്ബോളിലെ ഏറ്റവും മികച്ച ചില കളിക്കാരുടെ കരിയറിനു തുടക്കം കുറിക്കുന്ന യൂത്ത് ടൂര്‍ണമെന്റ് കളിയിലെ അടുത്ത തിളങ്ങുന്ന താരം ആരായിരിക്കുമെന്ന ശ്രദ്ധ ക്ഷണിക്കലുമാകും. 1991ലെ പതിപ്പില്‍ നാലാം സ്ഥാനം നേടിയ ആതിഥേയ ഖത്തര്‍ മികച്ച നേട്ടത്തിനാണ് ശ്രമം നടത്തുക.

ഏതൊക്കെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്നും ടിക്കറ്റ് വില്‍പ്പനയേയും കുറിച്ചുള്ള വിവരങ്ങള്‍ അതാത് സമയങ്ങളില്‍ അറിയിക്കും.

2021ല്‍ ഖത്തറില്‍ നടന്ന ഫിഫ അറബ് കപ്പ് വന്‍ വിജയമായിരുന്നു. ഖത്തര്‍ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലൊന്നായ അല്‍ഖോറിലെ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലാണ് 2021 ഡിസംബര്‍ 18ന് അറബ് കപ്പ് ഫൈനല്‍ അരങ്ങേറിയത്. മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തുണീഷ്യയെ പരാജയപ്പെടുത്തി അല്‍ജീരിയയാണ് കപ്പില്‍ മുത്തമിട്ടത്.
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ന് പുറമേ ടൂര്‍ണമെന്റിന്റെ 2029, 2033 പതിപ്പുകള്‍ക്കും ഖത്തര്‍ ആതിഥേയത്വം വഹിക്കും. തുടര്‍ച്ചയായ അഞ്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പ് പതിപ്പുകളും ഇതോടൊപ്പം നടക്കും. ആദ്യത്തേതാണ് ഈ വര്‍ഷം.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!