
ദോഹ: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍ അലുമ്‌നി ഖത്തര്‍ ചാപ്റ്റര്‍ ക്യുഗെറ്റ് പൂവിളി 2026 സംഘടിപ്പിച്ചു. അലുമ്‌നി അംഗങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിപ്പിച്ച ആഘോഷം ഒത്തൊരുമയുടെയും പാരമ്പര്യത്തിന്റെയും സമൂഹബന്ധത്തിന്റെയും പ്രതിഫലനമായി മാറി.

മാത്യു ഫ്രാന്‍സിസ്, ജോണ്‍ ഇ ജെ, കെ ബി ഷെരീഫ്, മുഹമ്മദ് ആര്‍ ഫൈസല്‍, അഞ്ജലി പ്രസന്നന്‍ എന്നിവര്‍ നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേളം ദോഹ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയുടെ വരവ് ആഘോഷത്തിന് കൂടുതല്‍ മാറ്റുകൂട്ടി.

രംഗപൂജ, പുലികളി, ഏലിയന്‍സ് മാഷപ്പ്, പെണ്‍കുട്ടികളുടെ പൊന്നോണം ബീറ്റ്‌സ്, ഓണപ്പാട്ടുകള്‍, വനിതകളുടെ കാസവ് ഗ്രൂവ്‌സ്, ദമ്പതികളുടെ എ ജേര്‍ണി ത്രൂ മെലഡീസ് കൂടാതെ കനല്‍ ഖത്തര്‍ അവതരിപ്പിച്ച നാടന്‍പാട്ട് എന്നിവയായിരുന്നു സാംസ്‌കാരിക പരിപാടിയിലെ പ്രധാന ആകര്‍ഷണങ്ങള്‍.
ക്യുഗെറ്റ്് സംരംഭം ഗ്രോ യുവര്‍ ഗ്രീന്‍ ഫുഡ് ഈ വര്‍ഷത്തെ സീസണിന് തുടക്കം കുറിച്ച് അംഗങ്ങള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്തു. സ്വന്തമായി ഭക്ഷണം കൃഷി ചെയ്യാനും പ്രകൃതിയുമായി കൂടുതല്‍ അടുക്കാനും ഈ സംരംഭം അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
സാലിഹുദ്ദീന്‍ കെ എം സ്വാഗതവും വൈസ് പ്രസിഡന്റ് സിബില്‍ സജീത് നന്ദിയും പറഞ്ഞു. ജനറല്‍ സെക്രട്ടറി നിഷാബ് വി പ്രസംഗിച്ചു.

