
മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) ‘ഹെല്‍പ്പ് ആന്‍ഡ് ഡ്രിങ്ക്’ പദ്ധതിയുടെ ഭാഗമായി തൊഴിലാളികള്‍ക്കായി ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്തു. ആഗസ്റ്റ് 15ന് വിവിധ തൊഴിലാളി ക്യാമ്പുകളിലായിരുന്നു വിതരണം.

ബഹ്റൈനിലെ കടുത്ത വേനല്‍ച്ചൂടില്‍ നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതിനായി ബി എം ബി എഫ് വര്‍ഷങ്ങളായി സൗജന്യമായി പഴവര്‍ഗങ്ങള്‍, ഭക്ഷണപാനീയങ്ങള്‍ എന്നിവ വിതരണം ചെയ്തുവരുന്നു. പദ്ധതിയുടെ 12-ാം സീസണിലാണ് ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം ബി എം ബി എഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി തൊഴിലാളികള്‍ക്കിടയില്‍ നിര്‍വഹിച്ചു.
കഴിഞ്ഞ 12 വര്‍ഷമായി ബി എം ബി എഫിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ‘ഹെല്‍പ്പ് ആന്‍ഡ് ഡ്രിങ്ക്’ പദ്ധതി ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങള്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, പാര്‍ലമെന്റ് അംഗങ്ങള്‍, തൊഴില്‍ മന്ത്രാലയം, സ്വദേശികളും വിദേശികളും, വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍, ക്ലബുകള്‍, കൂട്ടായ്മകള്‍ എന്നിവയുടെ പിന്തുണ നേടിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് വേനല്‍ച്ചൂടില്‍ ആശ്വാസമാകുന്ന പദ്ധതിക്ക് സമൂഹത്തില്‍ വലിയ സ്വീകാര്യത ലഭിച്ചതായും ബി എം ബി എഫ് ഭാരവാഹികള്‍ വ്യക്തമാക്കി. 2026ലെ ‘ഹെല്‍പ്പ് ആന്‍ഡ് ഡ്രിങ്ക്’ പദ്ധതി സെപ്റ്റംബറില്‍ സമാപിക്കും.

