

കൊച്ചി: സത്യജിത് റായി ജന്മശതാബ്ദി മഹോത്സവം ഒക്ടോബര്‍ 25ന് സമാപിക്കും. സത്യജിത് റായി ജന്മശതാബ്ദി പ്രമാണിച്ച് കേരള ലളിതകലാ അക്കാദമിയും കൊല്‍ക്കൊത്ത സെന്റര്‍ ഫോര്‍ ക്രിയേറ്റിവിറ്റിയും അക്കാദമിയുടെ കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹോത്സവം കേരളം കണ്ട ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ പ്രദര്‍ശനമാണെന്ന് അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു.

അക്കാദമിയുടെ ദര്‍ബാര്‍ ഹാള്‍ കേന്ദ്രത്തിലെ നാല് ഗാലറികളിലുമായാണ് പ്രദര്‍ശനം നടക്കുന്നത്. ഉത്സവത്തിന്റെ ഇതിവൃത്തം റായിയും റായിയുടെ കലാസൃഷ്ടികളുമാണെന്നതുകൊണ്ടും അതിന്റെ വലിപ്പം കണക്കിലെടുത്തും അക്കാദമിയുടെ പ്രദര്‍ശനങ്ങള്‍ക്ക് ഇതുവരെ ഉണ്ടാകാത്ത ജനപങ്കാളിത്തമാണ് റായി ഉത്സവത്തിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലായിടങ്ങളില്‍ നിന്നുമായി രാഷ്ട്രീയ നേതാക്കള്‍, കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 15,000-ത്തോളം പേരാണ് ഇതുവരെ മേള സന്ദര്‍ശിച്ചത്. അത്യപൂര്‍വവും ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നതുമായ റായ് സ്മാരക വസ്തുക്കള്‍, ഗാലറി റാസയുടെ ശേഖരത്തിലുള്ളതും റായുടെ പ്രതിഭയുടെ ഏറെ അറിയപ്പെടാത്ത മറ്റൊരു മുഖം അനാവരണം ചെയ്യുന്നതുമായ ലോബി കാര്‍ഡുകള്‍, പോസ്റ്ററുകള്‍, സ്റ്റോറി ബോര്‍ഡുകള്‍, പുസ്തകച്ചട്ടകള്‍, നെമായ് ഘോഷ്, താരാപഥ ബാനര്‍ജി എന്നിവരെടുത്ത അപൂര്‍വ ഫോട്ടോഗ്രാഫുകള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
ഷോയുടെ മുന്‍ പതിപ്പുകളില്‍ പ്രദര്‍ശിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ശത്രഞ്ജ കേ ഖിലാഡിയില്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശത്രഞ്ജ് കേ ഖിലാഡിയുടെ നിര്‍മാതാവ് സുരേഷ് ജിന്‍ഡാലിന്റെ ശേഖരത്തില്‍ നിന്നാണ് ഇവ എത്തിയിരിക്കുന്നത്. ഇവയ്ക്കു പുറമെ ദേബ്ജാനി റായ്ക്ക് റായ് അയച്ചതും ഇതുവരെ വെളിച്ചം കണ്ടിട്ടില്ലാത്തതുമായ കത്തുകളും മേളയിലുണ്ട്. മേളയുടെ ഭാഗമായി റായിയുടെ വിശ്വവിഖ്യാതമായ ആറ് സിനിമകളും നിറഞ്ഞ സദസ്സില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ചു.
മേളയ്ക്ക് സമാപനം കുറിയ്ക്കുന്ന ഒക്ടോബര്‍ 25ന് സമാപന പരിപാടിയായി സത്യജിത് റായി: ചരിത്രമെന്ന നിലയില്‍ സിനിമ എന്ന വിഷയത്തില്‍ പ്രശസ്ത കലാ, തിയേറ്റര്‍, സിനിമാ നിരൂപകന്‍ സമിക് ബന്ദോപാധ്യായ അവതരണം നടത്തും. വൈകിട്ട് അഞ്ചിനാണ് പരിപാടി.

