

പയ്യന്നൂര്‍: വായന എന്നത് അക്ഷരങ്ങള്‍ ഉച്ചരിക്കുക മാത്രമല്ല, പ്രപഞ്ചത്തെ നിരീക്ഷിക്കുകയും അതിലൂടെ സസ്യങ്ങളും പുഴകളും ഉള്‍ക്കൊള്ളുന്ന എല്ലാറ്റിന്റേയും ആവശ്യകതയെ ബോധ്യപ്പെടുത്തുന്ന സംസ്‌കാരിക പ്രക്രിയയാണെന്ന് പ്രൊഫസര്‍ ബി മുഹമ്മദ് അഹമ്മദ് അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വായിക്കാന്‍ കിട്ടുന്നതൊക്കെ വായിച്ച് ജീവിതത്തോടു സത്യസന്ധതപുലര്‍ത്താനും അങ്ങനെ ജീവിതത്തെ മുഴുവനായി നേടിയെടുക്കാനും യത്‌നിക്കണമെന്നും വായന മനുഷ്യനന്മയുടെ അവസാന വാക്കാണെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ഉളിയത്തുകടവിനടുത്തുള്ള ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാവാരം ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള്‍, സി ഇ ഒ മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ശിവന്‍ തെറ്റത്ത്, മനോഹരന്‍ വെങ്ങര, നദ സഫിയ യാസര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ സ്വാഗതവും പി വി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ ഐ എസ് ഡി ചെയര്‍മാനും ഗ്രാന്റ് തേജസ് എം ഡിയുമായ കെ എം അശ്റഫ് സംഭാവന നല്കിയ പുസ്തകങ്ങള്‍ ചടങ്ങില്‍ നവ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കു കൈമാറി.

