

കാലടി: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സര്‍ക്കാര്‍ ഉത്തരവായ ആലുവ- പെരുമ്പാവൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊച്ചി എയര്‍പോര്‍ട്ടില്‍ എളുപ്പത്തിലും വേഗത്തിലും എത്തിച്ചേരുവാന്‍ സാധിക്കുന്ന പാറപ്പുറം വല്ലം കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനേക്കുറിച്ച് വിലയിരുത്തുവാന്‍ എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ഗതാഗത സജ്ജമാക്കുമെന്ന് കോണ്ട്രാക്ടര് ഉറപ്പു നല്‍കിയതായി എം എല്‍ എമാര്‍ അറിയിച്ചു.

പാറക്കടവ് വല്ലുംകടവ് പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുമെന്നും പാലത്തിന്റെ നിര്‍മ്മാണത്തിനായി ഭരണാനുമതി നല്‍കിയതില്‍ മന്ത്രിയോടുള്ള നന്ദി രേഖപ്പെടുത്തുന്നതായും എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് പി കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു.

പെരുമ്പാവൂര്‍ നഗരസഭാ ചെയര്മാന് സാക്കിര്‍ ഹുസൈന്, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, പഞ്ചായത്ത് അംഗം സിമി ടിജോ, കൗണ്‍സിലര്‍മാരായ ഷെമീന ഷാനവാസ്, ബീവി അബുബക്കര്‍, ഷാജിത സിയാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

