
കൊച്ചി: തൃപ്പൂണിത്തുറയിലെ വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി രേഖകളും ചെക്കുകളും ഒപ്പിട്ടു വാങ്ങി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആന്ധ്രപ്രദേശ് വ്യവസായി ബണ്ടി ശ്രുജന്‍ കുമാര്‍ റെഡ്ഡി. താന്‍ നല്‍കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ പ്രതികള്‍ കെട്ടിച്ചമച്ചതാണ് ഈ വ്യാജ കഥയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ആന്ധ്രപ്രദേശിലെ എലൂരു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ‘ശ്രീ സായി ലക്ഷ്മി അക്വാ ട്രേഡിംഗ്’ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഇദ്ദേഹമാണ് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി കേരളത്തിലെ വിവിധ കയറ്റുമതിക്കാര്‍ക്ക് കൊഞ്ചും ചെമ്മീനും വിതരണം ചെയ്യുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിലെ ചില കമ്പനികള്‍ കൃത്യമായി പണം നല്‍കുന്നില്ലെന്നും ഏകദേശം പന്ത്രണ്ട് കോടിയോളം രൂപയാണ് കേരളത്തിലെ വ്യാപാരികളില്‍ നിന്നും തനിക്ക് ലഭിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രീമിയര്‍ മറൈന്‍ ഫുഡ്‌സ് ഉടമയായ തൃപ്പൂണിത്തുറ സ്വദേശി നിഹാസ് മുസ്തഫ 3.62 കോടി രൂപയും ജി കെ എസ് ബിസിനസ് അസോസിയേറ്റ്‌സ് ഉടമയായ അരൂര്‍ സ്വദേശി അനസ് എം എസ് 1.27 കോടി രൂപയുമാണ് നല്‍കാനുള്ളത്. ഇവര്‍ക്ക് പുറമെ പണം നല്‍കാനുള്ള മറ്റുള്ളവര്‍ സെറ്റില്‍മെന്റിന് തയാറായവരാണ്. എന്നാല്‍ നിഹാസും അനസും പണം നല്‍കാതെ കബിളിപ്പിക്കുകയും തന്നെ പ്രതിക്കൂട്ടിലാക്കാനുമാണ് ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ബിസിനസുകാര്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതോടെ ആന്ധ്രയിലെ സാധാരണക്കാരായ ചെമ്മീന്‍ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ റെഡ്ഡിക്ക് കഴിഞ്ഞില്ല. പണം ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ ഇദ്ദേഹത്തിനെതിരെ തിരിയുകയും വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് റെഡ്ഢി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശിലെ ഗണപവരം പൊലീസ് സ്റ്റേഷനില്‍ നിഹാസിനും അനസിനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗണപവരം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അരുഗുല മണി കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേരളത്തില്‍ എത്തിയത്.
ജൂണ്‍ 23ന് രാവിലെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ ആന്ധ്ര പൊലീസ് സംഘം റിപ്പോര്‍ട്ട് ചെയ്തുവെന്നും ഇതിന്റെ ജനറല്‍ ഡയറി രേഖകള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്നും ബണ്ടി ശ്രുജന്‍ കുമാര്‍ റെഡ്ഡി പറഞ്ഞു. ഹില്‍ പാലസ് പൊലീസിനെ വിവരമറിയിച്ച ശേഷമാണ് നിയമപരമായി അന്വേഷണസംഘം നിഹാസിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ പോയത്.
നിഹാസിന്റെ വീട്ടില്‍ വെച്ച് തികച്ചും സമാധാനപരമായാണ് ചര്‍ച്ചകള്‍ നടന്നതെന്നും അതിക്രമിച്ചു കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിഹാസ് തന്റെ സഹോദരന്റെയും മറ്റും സാന്നിധ്യത്തില്‍ സ്വന്തം അഭിഭാഷകനുമായി ഫോണില്‍ സംസാരിച്ച് നിയമോപദേശം തേടിയ ശേഷമാണ് ബാധ്യതകള്‍ സമ്മതിച്ച് സെറ്റില്‍മെന്റ് അഗ്രിമെന്റുകളില്‍ ഒപ്പുവെച്ചത്. ഈ കരാറില്‍ നിഹാസിന്റെ സഹോദരന്‍ നിസാം മുസ്തഫയും ഗ്യാരന്ററായി ഒപ്പുവെച്ചിട്ടുണ്ട്. ഈ സമയത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ വ്യക്തമാകും. ചര്‍ച്ചയ്ക്കിടെ ശാരീരിക മര്‍ദ്ദനം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വീഡിയോ എന്തുകൊണ്ട് ഇവര്‍ ഹാജരാക്കുന്നില്ല എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മാത്രമല്ല, ജൂണ്‍ 23ന് ആന്ധ്ര പൊലീസ് സംഘമെന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് നിഹാസ് ആരോപിക്കുന്നത്. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ രണ്ടിനാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. പൊലീസില്‍ നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാമായിരുന്നിട്ടും അതിന് തയ്യാറാകാതിരുന്നതും ഈ കേസ് കെട്ടിച്ചമച്ചതാണെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ബിസിനസ് ആവശ്യങ്ങള്‍ക്കായി നിഹാസും മറ്റും മുന്‍പ് നല്‍കിയ പല ചെക്കുകളും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയിട്ടുണ്ടെന്നും ഇത്തരം ചെക്ക് കേസുകള്‍ നിലവില്‍ ആന്ധ്രയിലെ ഭീമവരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണുള്ളതെന്നും ശ്രുജന്‍ കുമാര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി തുടരുന്ന ഈ സാമ്പത്തിക തട്ടിപ്പുകള്‍ മറച്ചുവെക്കാനും പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുത്താനുമാണ് ഇപ്പോള്‍ ഭീഷണിപ്പെടുത്തി ചെക്കുകള്‍ വാങ്ങിയെന്ന പുതിയ കഥയുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. വ്യാജ പരാതി നല്‍കി പൊലീസിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് ഇവരുടെ ശ്രമം.
തന്റെ പേര് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇനി പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും പ്രതികളിലൊരാളായ അനസ് വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേസ് നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ ഇവര്‍ നിരന്തരം വധഭീഷണി മുഴക്കുന്നുണ്ട്. കേരളത്തിലെത്തിയാല്‍ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സംരക്ഷണത്തിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തത്. ഇത് അംഗീകരിച്ച കോടതി പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഈ പോലീസ് സംരക്ഷണത്തിന്റെ പിന്‍ബലത്തിലാണ് റെഡ്ഡി ഇപ്പോള്‍ കേരളത്തില്‍ എത്തിയത്. ഒത്തുതീര്‍പ്പ് കരാറുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ഈ റിട്ട് ഹര്‍ജിക്കൊപ്പം കോടതിക്ക് മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു വ്യവസായിയാണെന്നും കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ബാധ്യത തീര്‍ക്കാനുള്ളതിനാല്‍ തനിക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ തിരികെ കിട്ടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വ്യവസായികളായ ശൈഖ് ഷബീര്‍, രവീന്ദ്രനാഥ ടാഗോര്‍ എന്നിവരും പങ്കെടുത്തു.

