
ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെയും ഭൗതിക സൗകര്യം ഒരുക്കിയതിന്റേയും ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത്, പത്തൊമ്പത് ലക്ഷം രൂപയുടെ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുകയും ഹാളിലേക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങുകയും വിവിധ ഓഫീസുകള്‍ക്ക് പാര്‍ട്ടീഷന്‍ നടത്തുകയും ഡോക്ടര്‍മാര്‍ക്കും ബ്ലോക്ക് ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കും പുതിയ കസേര വാങ്ങുകയും ഭൗതിക സൗകര്യം ഒരുക്കുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീസ ഇസ്മായില്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ശ്രീരേഖ വി എസ് നന്ദിയും പറഞ്ഞു.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിവ ജോളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസീന ടീച്ചര്‍, കൗലത്ത് മരക്കാര്‍, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, വാര്‍ഡ് അംഗം ഷൈബി സി കെ, മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി അംഗവും വാഴക്കുളം പഞ്ചായത്ത് അംഗവുമായ കെ എച്ച് ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജോ അഗസ്റ്റിന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബേസില്‍ മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സലില്‍ കുമാര്‍, പി ആര്‍ ഒ സണ്ണി വി വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
മലയിടംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സോളാര്‍ സിസ്റ്റം വെക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പരമാവധി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണസമിതി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം തേടന്‍ തീരുമാനിച്ചതായും പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ പറഞ്ഞു.

