

വാഷിംഗ്ടണ്‍: യുക്രൈനു നേരെ ആക്രമണം നടത്തുന്ന പശ്ചാതലത്തില്‍ എണ്ണ വിലയിലെ കുതിപ്പ് നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര കൂട്ടായ്മ. 31 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കൂട്ടായ്മ ഓയില്‍ റിസര്‍വ് തുറക്കും.

കരുതല്‍ ശേഖരത്തില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ പുറത്ത് വിപണിയിലെത്തിക്കാന്‍ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി തീരുമാനിച്ചു. പ്രതിദിനം രണ്ട് ദശലക്ഷമെന്ന ക്രമത്തിലാണ് വിപണിയില്‍ എണ്ണയെത്തുക. റഷ്യയ്ക്കുള്ള ശക്തമായ സന്ദേശമാണ് അമേരിക്കയ്ക്ക് പുറമേ ജര്‍മ്മനി, ഫ്രാന്‍സ്, യു കെ, കാനഡ തുടങ്ങിയ 31 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഐ ഇ എയുടെ നടപടിയെന്ന് യുക്രൈനോട് അനുഭാവം പുലര്‍ത്തുന്ന രാജ്യങ്ങള്‍ പറയുന്നു. ഐ ഇ എ രാജ്യങ്ങളുടെ മന്ത്രിമാര്‍ പങ്കെടുത്ത അസാധാരണ യോഗത്തില്‍ യു എസ് എനര്‍ജി സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹോം അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയിലെ അംഗ രാജ്യങ്ങളുടെ കരുതല്‍ ശേഖരത്തിലുള്ളത് ഒന്നര ബില്ല്യണ്‍ ബാരല്‍ എണ്ണയാണ്. ഇതിന്റെ നാല് ശതമാനം മാത്രം വിപണിയിലേക്കു വിടാനാണ് ധാരണയായിട്ടുള്ളത്. ഊര്‍ജ്ജ വിപണികളിലെ സ്ഥിതി വളരെ ഗൗരവ സ്വഭാവമാര്‍ജ്ജിച്ചു കഴിഞ്ഞതിനാല്‍ തങ്ങളുടെ മുഴുവന്‍ ശ്രദ്ധ ആവശ്യമായി വന്നിരിക്കുന്നുവെന്നാണ് ഐ ഇ എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തി ബിറോള്‍ പറഞ്ഞത്. കടുത്ത പ്രതിസന്ധിക്കു ശേഷമുള്ള വീണ്ടെടുക്കലിന്റെ ദുര്‍ബലമായ ഘട്ടത്തിലാണ് ലോക സമ്പദ്‌വ്യവസ്ഥ വീണ്ടും അപകട ഭീഷണി നേരിടുന്നതെന്ന് ബിറോള്‍ ചൂണ്ടിക്കാട്ടി.

