
മനാമ: കേരള മുസ്ലിംകളില്‍ ഇന്നു കാണുന്ന ആത്മീയ ഉണര്‍വിലും മത ഭൗതിക വിദ്യാഭ്യാസ രം ഗത്തുണ്ടായ മുന്നേറ്റത്തിലും സാമുദായിക സൗഹൃദത്തിലുമെല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി പ്രസ്താവിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി ഐ സി എഫ് ബഹ്‌റൈന്‍ ആ ചരിക്കുന്ന സജ്ജീകരണ ക്യാമ്പയിന്‍ (കാമിനോ- 100) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം കേരളത്തിന്റെ നേതൃ സുകൃതം, വിശ്വാസം, അനുഷ്ഠാനം, വിദ്യാഭ്യാസം, ആധുനികജ്ഞാനം, പ്രൊഫഷനല്‍ വിദ്യാഭ്യാസം, ആതുര സേവനം, തൊഴില്‍, രചനാത്മക രാഷ്ട്രീയം തുടങ്ങിയവയില്‍ സമുദായത്തിന് ദിശാബോധം നല്‍കിയ നേതൃ സംവിധാനമായി സമസ്ത ഇന്ന് വളര്‍ന്നിട്ടുണ്ടെന്നും അഭിമാനകരമായ 100 പ്രകാശവര്‍ഷങ്ങളില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത കരുത്തുമായി നടക്കുന്ന സമസ്ത സെന്റിനറി പുതിയ മുന്നേറ്റങ്ങളുടെ തുടക്കമാവുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സമസ്തയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായി ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ലീഡേര്‍സ് ഡ്രൈവ്, റീജിയന്‍ കന്‍വെഷനുകള്‍, ഹാദിയ സംഗമം, ജനസമ്പര്‍ക്കം എന്നിവ വിവിധ ഘടകങ്ങളിലായി നടക്കും.
ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ദീന്‍ സഖാഫി, അഡ്വ. എം സി അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, സുലെമാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. ശമീര്‍ പന്നൂര്‍ സ്വാഗതവും ഫൈസല്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

