

സിനിമാ പ്രേമികള്‍ പുതുവര്‍ഷത്തില്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആലിയാഭട്ട് കേന്ദ്ര കഥാപാത്രമാവുന്ന ‘ഗംഗുഭായ് കത്തിയവാഡി’. ചിത്രത്തിന്റെ ടീസര്‍ നേരത്തേ തന്നെ സിനിമാ പ്രേമികളുടെയും സോഷ്യല്‍ മീഡിയയുടെയും അടക്കം ശ്രദ്ധ നേടിയിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിവസത്തിലായിരുന്നു ടീസര്‍ പുറത്ത് വിട്ടിരുന്നത്. വന്‍ മേക്കോവറിലാണ് ചിത്രത്തില്‍ ആലിയ എത്തുന്നത്.

1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡ് സിനിമാ ലോകത്തെ പ്രശസ്തനായ എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം അണിയിച്ചിരുക്കുന്നത്. ഇപ്പോള്‍ ‘ഗംഗുഭായ് കത്തിയവാഡി’യുടെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലിയും നിര്‍മ്മാതാവ് ഡോ. ജയന്തിലാല്‍ ഗഡാ (പെന്‍ സ്റ്റുഡിയോ)യും.

2022 പുതുവര്‍ഷത്തില്‍ ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററിലെത്തുകയെന്ന് ഇരുവരും വ്യക്തമാക്കി. നേരത്തേ ഈ വര്‍ഷം ജൂലൈയില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. വീണ്ടും ജനുവരി ആറിന് റിലീസ് എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതേ ദിവസം തന്നെയാണ് എസ് എസ് രാജമൗലിയുടെ ‘RRR’ന്റേയും റിലീസ് എന്ന് വിളംബരം ചെയ്തത്. രണ്ടിലേയും നായിക ആലിയാ തന്നെ. അതുകൊണ്ട് മത്സരം ഒഴിവാക്കാന്‍ ബന്‍സാലിയും നിര്‍മ്മാതാവും സ്വയം പിന്‍മാറി റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് രാജമൗലി തന്റെ ട്വിറ്ററിലൂടെ ഇരുവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ‘ഗംഗുഭായ് കത്തിയവാഡി’ക്ക് വിജയാശംസകളും നേര്‍ന്നു.
മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയില്‍ കാമുകനാല്‍ ചതിക്കപ്പെട്ട് വ്യഭിചാര കേന്ദ്രമായ കാമാത്തിപുരയില്‍ എത്തിപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയെ ടീസറില്‍ പ്രേക്ഷകര്‍ കണ്ടപ്പോള്‍ മുതലുള്ള കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ഏറെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്. നടപ്പിലും വാക്കിലും നോക്കിലും ശരീരഭാഷയിലുമെല്ലാം ഗംഗുഭായിയായുള്ള ആലിയയുടെ മാറ്റം മികച്ചതായിട്ടുണ്ടെന്നാണ് സൂചന.
ഗുജറാത്തിലെ കത്തിയവാഡില്‍ നിന്ന് കാമാത്തിപുരയിലെത്തി, വ്യഭിചാര കേന്ദ്രങ്ങളുടെ ഡോണ്‍ ആയി മാറിയ ഗംഗുഭായ് എന്ന കഥാപാത്രമായി ആലിയ ജീവിക്കുകയാണെന്നാണ് ബോളിവുഡ് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. നടി ആലിയയുടെ കരിയറിലെ വമ്പന്‍ മേക്ക് ഓവറുകളില്‍ ഒന്ന് തന്നെയാണ് ഗംഗുഭായ് എന്നും സിനിമാപ്രേമികള്‍ വിലയിരുത്തുന്നുണ്ട്. അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് പ്രേക്ഷകരും ബോളിവുഡും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗംഗുഭായ് കത്തിയവാഡി’ നിര്‍മ്മിച്ചിരിക്കുന്നത്.

