

കോഴിക്കോട്: സൗദി അറേബ്യയിലേക്കുള്ള വിവിധ വിസകളുടെ സ്റ്റാമ്പിംഗ് വി എഫ് എസ് കേന്ദ്രങ്ങള്‍ വഴിയാക്കിയതോടെയുള്ള പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ കത്തയച്ചു. ഇന്ത്യയിലെ സൗദി അംബാസഡര്‍ മുഖേനയാണ് കത്ത് അയച്ചത്. വിസ സ്റ്റാമ്പിംഗില്‍ പ്രവാസി സൗഹൃദ ഇടപെടലുകള്‍ ഉണ്ടാകണമെന്നും വി എഫ് എസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ട്രാവല്‍ ഏജന്‍സികള്‍ വഴി നടന്നിരുന്ന സ്റ്റാമ്പിംഗ് നടപടിക്രമങ്ങള്‍ കഴിഞ്ഞ മാസം മുതലാണ് വി എഫ് എസ് കേന്ദ്രങ്ങള്‍ വഴിയായത്. കൊച്ചിയില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഒന്‍പത് വി എഫ് എസ് കേന്ദ്രങ്ങളാണ് നിലവിലുള്ളത്. കൊച്ചിക്കു പുറമേ മലബാറിലും വി എഫ് എസ് സെന്റര്‍ ആരംഭിക്കണമെന്ന ആവശ്യവും കാന്തപുരം ഉന്നയിച്ചു.
