

പെരുമ്പാവൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടേയും സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടേയും ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്‌റ്റെന്‍സില്‍ ആര്‍ട്ടുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യചിത്രം പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുങ്ങുന്നു. ജീവിതം കൊണ്ട് ഉന്നത മാതൃകയായ മഹാത്മാ ഗാന്ധിയെയാണ് ആദ്യം ആലേഖനം ചെയ്യുന്നത്.

2016ലെ ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവായ ഷാനവാസ് മുടിക്കലാണ് കേരളത്തിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ സഹായത്തോടെ സ്‌റ്റെന്‍സില്‍ ആര്‍ട്ട് ഒരുങ്ങുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സത്ത വിദ്യാര്‍ഥികളിലേക്ക് പകര്‍ന്നു നല്കാന്‍ ലക്ഷ്യമിട്ട് ഭാരതീയം എന്ന പേരിലാണ് ചിത്രപരമ്പര തയ്യാറാക്കുന്നത്.

തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, പി ടി എ കമ്മിറ്റി സഹകരണത്തോടെ സെപ്തംബര്‍ 30ന് ചിത്രം പൂര്‍ണമായി ഒരുങ്ങും.
സ്‌കൂളിലെ ഏഴു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ചിത്രരചനയില്‍ താത്പര്യമുള്ള 120 വിദ്യാര്‍ഥികളാണ് വലിയ സ്റ്റെന്‍സില്‍ ഗാന്ധി ചിത്രം ഒരുക്കുന്നത്. 44.3 അടി വീതിയും 51.3 അടി നീളവുമുള്ള ഗാന്ധി മുഖചിത്രത്തിന് ഏകദേശം 2272.59 ചതുരശ്ര അടിയാണ് വലുപ്പം. ഇത്രയും വലിപ്പമുള്ള മറ്റൊരു ഗാന്ധി ചിത്രം വിദ്യാലയം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ വരച്ചിട്ടില്ല.
ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും കാര്‍ട്ടൂണ്‍ ക്ലബ് കേരള കോര്‍ഡിനേറ്ററുമായ ഷാനവാസ് മുടിക്കല്‍ ക്യൂറേറ്ററായ ഉദ്യമത്തില്‍ അധ്യാപകരായ കെ എ നൗഷാദ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ഷൈനി പി എം, ശ്രീവിദ്യ എം എന്‍, അജീന ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കോവിഡിന്റെ പശ്ചാതലത്തില്‍ ഓണ്‍ലൈനായി കൃത്യമായ പരിശീലനം നല്‍കിയാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്.
ഒരു വിദ്യാലയത്തിലെ കുട്ടികള്‍ തീര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി ചിത്രം എന്ന നിലയില്‍ വിവിധ റെക്കോഡ് ഏജന്‍സികള്‍ പരിപാടി വിലയിരുത്താന്‍ എത്തും.
2021 ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി സെപ്തംബര്‍ 30ന് രാവിലെ ഒന്‍പത് മണി മുതല്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ചിത്രം ക്രമീകരിക്കും. കോവിഡ് മാനദണ്ഡങ്ങളോടെ സെപ്തംബര്‍ 30ന് രാവിലെ പതിനൊന്നര മണി മുതല്‍ ചിത്രം കാണാനുള്ള സൗകര്യങ്ങളുണ്ടാകും.
നഴ്‌സറി മുതല്‍ പ്ലസ് ടു വരെ ഏകദേശം 3500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തില്‍ നാഴികക്കല്ലായിരിക്കും മഹാത്മാ ഗാന്ധിയുടെ ചിത്രം വര.
സ്വാതന്ത്ര്യ സമര പോരാളികളെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ചരിത്രത്തില്‍ നിന്ന് തമസ്‌ക്കരിക്കാനും ഒഴിവാക്കാനും നടത്തുന്ന സമകാലിക ലോകത്ത് പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ട്. ഓണ്‍ലൈന്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കിയ സംസ്ഥാനത്തെ ആദ്യത്തെ വിദ്യാലയം കൂടിയാണിതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഗാന്ധി പീസ് ഫൗണ്ടേഷന്‍, സാംസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വായന പൂര്‍ണ്ണിമ എന്നിവയുടെ പിന്തുണയും പരിപാടിക്കുണ്ട്.
എം പി, എം എല്‍ എമാര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

