പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകളെന്ന് അന്വേഷണ സംഘം

Web Desk
1 Min Read

തലശ്ശേരി: പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ പത്മരാജനെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് പുതിയ കുറ്റപത്രം. പ്രത്യേക അന്വേഷണസംഘത്തിലെ ഡി വൈ എസ് പി രത്നകുമാറാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
2020 ജനുവരിയില്‍ ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി മാര്‍ച്ച് 17 നാണ് പൊലീസിന് ലഭിച്ചത്. ആദ്യം പാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് മാര്‍ച്ച് 17ന് പത്മരാജനെതിരെ പോക്സോ കേസ് ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ബി ജെ പി നേതാവാണ് അധ്യാപകനെന്നതിനാല്‍ പാര്‍ട്ടി പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബി ജെ പിയുടെ ഇടപെടലാണ് പ്രതിയെ പിടികൂടുന്നത് വൈകിച്ചതെന്നും കടുത്ത ആരോപണം ഉയര്‍ന്നിരുന്നു. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്ത അവസ്ഥയുണ്ടായപ്പോഴാണ് പ്രതിഷേധം ശക്തമായത്. തുടര്‍ന്ന് പാനൂരില്‍ വെച്ചുതന്നെ പത്മരാജനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അച്ഛനില്ലാത്ത കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നും പത്മരാജന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധുക്കല്‍ പൊലീസിലും ചൈല്‍ഡ് ലൈനിലുമാണ് പരാതി നല്കിയത്.
പീഡനം ഗൈനക്കോളജിസ്റ്റ് സ്ഥിരീകരിച്ചെങ്കിലും പത്തുവയസ്സുകാരിയുടെ മാനസിക നിലയിലാണ് പൊലീസ് സംശയം പ്രകടിപ്പിച്ചത്. പൊലീസ് കോഴിക്കോട്ടെത്തിച്ച പെണ്‍കുട്ടിയെ മണിക്കൂറുകളോളം മനഃശാസ്ത്ര വിദഗ്ധയെ ഉപയോഗിച്ചും ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ കേസ് സി ബി ഐക്ക് വിടണമെന്നും രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നുമാണ് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!