

ആലുവ: രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ആലുവ വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനിടെ അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഈ മാസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി വേദിയില്‍ വച്ച് തന്നെ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ നടപടി ക്രമങ്ങള്‍ക്ക് അല്‍പ്പം വേഗത കൂടിയിട്ടുണ്ട്. കൂടുതല്‍ വേഗത്തിലാക്കാനാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ സങ്കീര്‍ണമാണ്. ഇത് പൂര്‍ത്തീകരിക്കുന്നതിനുള്ള താമസമാണ് നേരിടുന്നത്. പൊന്നുംവില എന്നാല്‍ യഥാര്‍ഥത്തില്‍ പൊന്ന് വാങ്ങുന്നതിനുള്ള പണമാണ് ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. നേരത്തെ പൊന്നുംവിലയെന്ന് പറയുമെങ്കിലും ഓടുപോലും വാങ്ങാന്‍ തികയില്ല. റവന്യു വകുപ്പാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിലും പി ഡബ്ല്യു ഡി, സോഷ്യല്‍ ഫോറസ്റ്റ്, കൃഷി തുടങ്ങിയ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിക്കണം. ഇതെല്ലാം സമയദൈര്‍ഘ്യത്തിന് കാരണമാകുകയാണ്. സുവോളജിക്കല്‍ പാര്‍ക്കിന് സ്ഥലം ഏറ്റെടുക്കുന്നതിന് താന്‍ നേരിട്ട് ശ്രമം ആരംഭിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു
റവന്യു വകുപ്പ് എഫ് ഐ ടിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നിന്നും 10 സെന്റ് ഏറ്റെടുത്ത് ചൂര്‍ണിക്കര വില്ലേജ് ഓഫീസ് നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വേഗത്തിലാക്കാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുറയാര്‍ റെയിവേ ഓവര്‍ ബ്രിഡ്ജിനായി ഭൂമി ഏറ്റെടുക്കുന്നതും വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മേല്‍ പറഞ്ഞ ഈ വിഷയങ്ങളും അന്‍വര്‍ സാദത്ത് എം എല്‍ എയാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആലുവ വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍ എം പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ എം ഒ ജോണ്‍, എ ഡി എം എസ് ഷാജഹാന്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, തഹസില്‍ദാര്‍ സുനില്‍ മാത്യു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ലത്തീഫ് പൂഴിത്തറ, ഫാസില്‍ ഹുസൈന്‍, എം പി സൈമണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ ജോണ്‍സണ്‍, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിണല്‍ എഞ്ചിനിയര്‍ റോബര്‍ട്ട് വി തോമസ് എന്നിവര്‍ സംസാരിച്ചു.

