സൂപ്പര്‍ ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം

Web Desk
3 Min Read

കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഉജ്വലമായി അരങ്ങേറി. പെനാല്‍റ്റിയിലൂടെ ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളി താരം കെ പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെയായിരുന്നു പഞ്ചാബിന്റെ മറുപടി. ജയത്തോടെ എ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമതെത്തുകയും ചെയ്തു മഞ്ഞപ്പട.

city exchange

നാല് മലയാളി താരങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത്. ഗോള്‍കീപ്പറായി സച്ചിന്‍ സുരേഷും പ്രതിരോധത്തില്‍ വി ബിജോയ്, മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദ്, വിബിന്‍ മോഹനന്‍ എന്നിവര്‍ കളത്തിലിറങ്ങി. നിഷു കുമാറും വിക്ടര്‍ മൊംഗിലുമായിരുന്നു പ്രതിരോധത്തിലെ മറ്റ് താരങ്ങള്‍. മധ്യനിരയില്‍ പൂര്‍ണമായും ഇന്ത്യന്‍ യുവനിര അണിനിരന്നു. ഡാനിഷ് ഫറൂഖി, ആയുഷ് അധികാരി, സൗരവ് മണ്ഡാല്‍ എന്നിവര്‍. മുന്നേറ്റത്തില്‍ വിദേശകരുത്തായ ദിമിത്രിയോസ് ഡയമന്റാകോസ് അപോസ്തലോസ് ജിയാനു എന്നിവരെ ഗോളടിക്കാന്‍ ചുമതലയേല്‍പ്പിച്ചു. ഇവാന്‍ വുകോമനോവിച്ചിന് പകരം ഫ്രാങ്ക് ഡൗവെനാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായത്. മറുവശം റൗണ്ട് ഗ്ലാസ് പഞ്ചാബിനായി പ്രതിരോധത്തില്‍ വല്‍പുയ, കെ ലുങ്ദിം, സുരേഷ് മെയ്ത്തി, മുഹമ്മദ് സലാ എന്നിവരും മധ്യനിരയില്‍ ഫ്രെഡ്ഡി ലാല്ലംമാവ, മേസണ്‍ സിങ്, യുവാന്‍ മെര ഗോണ്‍സാലസ്, യുവാന്‍ കാര്‍ലോസ് നെല്ലര്‍, ബ്രണ്ടന്‍ എന്നിവരും ഇറങ്ങി. ക്യാപ്റ്റന്‍ ലൂക്കാ മാസെന്‍ ഏക സ്ട്രൈക്കറായി. കിരണ്‍ കുമാര്‍ ലിംബുവായിരുന്നു ഗോള്‍വലയ്ക്ക് കീഴില്‍.

തുടക്കം തന്നെ ബ്ലാസ്റ്റേഴ്സ് നയം വ്യക്തമാക്കി. പന്തില്‍ ആധിപത്യം നേടി മുന്നേറി. നാലാം മിനിറ്റില്‍ വിക്ടര്‍ മൊംഗിലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്പോയി. ഒമ്പതാം മിനിറ്റില്‍ പഞ്ചാബിന്റെ ബ്രണ്ടന്‍ പ്രത്യാക്രമണത്തിലൂടെ മുന്നേറിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന്റെ കൈയില്‍ ഒതുങ്ങി. പിന്നാലെ യുവാന്‍ ഗൊണ്‍സാലസിന്റെ അപകടകരമായ നീക്കം ബിജോയ് അത്യുഗ്രന്‍ നീക്കത്തിലൂടെ പ്രതിരോധിച്ചു. 17-ാം മിനിറ്റില്‍ നിഷു നല്‍കിയ പന്തുമായി ഡയമന്റാകോസ് അതിവേഗം മുന്നേറിയെങ്കിലും പഞ്ചാബ് പ്രതിരോധിച്ചു. 28-ാം മിനിറ്റില്‍ ഡയമന്റാകോസിനെ സുരേഷ് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് നിഷു തൊടുത്തെങ്കിലും ഗോളിയുടെ കൈയിലായി. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം കിട്ടി. വലതുമൂലയില്‍നിന്നും സൗരവിന്റെ വേഗത്തിലുള്ള നീക്കം പഞ്ചാബ് പ്രതിരോധത്തെ പിളര്‍ത്തി. ഉഗ്രനൊരു പാസ് ഗോള്‍മുഖത്തുള്ള സഹലിലേക്ക്. എന്നാല്‍ മധ്യനിരക്കാരന് ഇത് മുതലാക്കാനായില്ല. പഞ്ചാബ് ഗോളി കിരണ്‍ ലിംബുവും കൂട്ടാളികളും അപകടമകറ്റി. നാല്‍പ്പതാം മിനിറ്റില്‍ കാത്തിരുന്ന നിമിഷമെത്തി. സൗരവിനെ വല്‍പുയ ബോക്സില്‍ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി. കിക്കെടുക്കാന്‍ എത്തിയത് ഡയമന്റാകോസ്. ഗ്രീസുകാരന് പിഴിച്ചില്ല. ലീഡ് നേടിയിട്ടും ബ്ലാസ്റ്റേഴ്സ് അടങ്ങിയിരുന്നില്ല. നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് സഹലിന്റെ മറ്റൊരു കുതിപ്പും പഞ്ചാബ് ഗോളി തടഞ്ഞു.

- Advertisement -
Ad image

രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായിരുന്നു. 54-ാം മിനിറ്റില്‍ തന്നെ രണ്ടാംഗോളും നേടി. എതിര്‍ പ്രതിരോധത്തെ കബളിപ്പിച്ച് നിഷു ലീഡുയര്‍ത്തി. ഇതിനിടെ ബിദ്യാസാഗര്‍ സിങ്ങും കെ പി രാഹുലും ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. ഡയമന്റാകോസും സൗരവുമാണ് പിന്‍മാറിയത്. 68-ാം മിനിറ്റില്‍ സഹല്‍ നീട്ടിനല്‍കിയ പന്തുമായി പകരക്കാരന്‍ ബിദ്യാസഗര്‍ സിങ് മുന്നേറിയെങ്കിലും അടി കിരണ്‍ ലിംബു രക്ഷപ്പെടുത്തി. ഇതിനിടെ പഞ്ചാബ് പകരക്കാരന്‍ കൃഷ്ണാനന്ദ് സിങ്ങിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് പോസ്റ്റില്‍ തട്ടിമടങ്ങി. 73-ാം മിനിറ്റില്‍ കൃഷ്ണാനന്ദിലൂടെ പഞ്ചാബ് ഒന്നുമടക്കി. 76-ാം മിനിറ്റില്‍ ബിദ്യാസഗറിന്റെ മറ്റൊരു ശ്രമവും കിരണ്‍ ലിംബു തടഞ്ഞു. പിന്നാലെ പഞ്ചാബിന്റെ യുവാന്‍ ഗൊണ്‍സാലസിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ബാറില്‍ തട്ടി മടങ്ങി. 78-ാം മിനിറ്റില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ ബിജോയിയെയും ഡാനിഷിനെയും പിന്‍വലിച്ച് മാര്‍കോ ലെസ്‌കോവിച്ചിനെയും ജീക്സണ്‍ സിങ്ങിനെയും ഇറക്കി. 89-ാം മിനിറ്റില്‍ രാഹുലിന്റെ വലതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റവും ലക്ഷ്യം കണ്ടില്ല. പരിക്കുസമയം പഞ്ചാബ് പ്രതിരോധക്കാരില്‍നിന്ന് പന്ത് പിടിച്ചെടുത്ത രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റം തടയാന്‍ ആര്‍ക്കുമായില്ല. അത്യൂഗ്രന്‍ നീക്കത്തിലൂടെ മലയാളി താരം പന്ത് വലയില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് ജയമുറപ്പിച്ചു.

ഏപ്രില്‍ 12ന് ശ്രീനിധി ഡെക്കാനുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Share This Article
Leave a Comment
error: Content is protected !!