

കോഴിക്കോട്: പരിശുദ്ധ റമദാന് മാസത്തിലെ പുണ്യ ഉംറ തീര്‍ഥാടനത്തെ സ്വര്‍ണ്ണം കടത്താനുള്ള അവസരമാക്കിയവര്‍ മഹാപാതകമാണ് ചെയ്തതെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു. കോഴിക്കോട് പാളയം ജുമാ മസ്ജിദില്‍ ജുമുഅ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സത്യസന്ധതയും വിശ്വാസ്യതയുമാണ് മതത്തിന്റെ മുഖമുദ്ര. മനുഷ്യനില്‍ ധാര്‍മ്മികതയും മൂല്യങ്ങളും വളര്‍ത്തിയെടുക്കാനുള്ളതാണ് ആരാധനകള്‍. അതില്‍ പ്രധാനപ്പെട്ടവയാണ് ഹജ്ജ്, ഉംറ തീര്ഥാടനങ്ങള്.

നിരന്തരമായ പ്രാര്‍ഥനകളും ആരാധനകളും വഴി പരിശുദ്ധി വരുത്തിയ മനസ്സുമായി വരേണ്ടവര്‍ തീര്‍ഥാടന യാത്രകള്‍ തന്നെ കള്ളക്കടത്തിന് ഉപയോഗിക്കുന്നത് വിശ്വാസി സമൂഹത്തിന്ന് കളങ്കമുണ്ടാക്കുന്നതായി. അവര്‍ സമുദായത്തോടും രാഷ്ട്രത്തോടും വഞ്ചനയാണ് ചെയ്തിട്ടുള്ളത്.
പുരോഹിത വിദ്യാര്‍ഥികളും പണ്ഡിത വേഷധാരികളുമാണ് പ്രതികള്‍ എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത് ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണ്. ഇത്തരം നീചപ്രവര്ത്തനങ്ങളെ സമുദായവും മതനേതൃത്വവും തള്ളിപ്പറയണം. ഇങ്ങനെയുണ്ടാക്കുന്ന പണമുപയോഗിച്ച് ആരും ഹജ്ജിനും ഉംറക്കും പോവേണ്ടതില്ല.
ഇത്തരത്തില്‍ സമ്പാദിക്കുന്നവരുടെ പണം നമുക്ക് വേണ്ട,
നമ്മുടെ മതസ്ഥാപനങ്ങള്‍ക്കും വേണ്ടാ എന്ന് പറയാന്‍ നാം ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

