
മനാമ: ബഹ്റൈന്‍ പ്രതിഭ മനാമ മേഖല, ബഹ്റൈന്‍ ചെസ്സ് ഫെഡറേഷനുമായും അര്‍ജുന്‍സ് ചെസ് അക്കാദമിയുമായും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ഇന്റര്‍നാഷണല്‍ ചെസ്സ് ടൂര്‍ണമെന്റ് സമാപിച്ചു. സമാപന സമ്മേളനം ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി ഡയറക്ടര്‍ ലൂനസ് മദീന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എന്‍ വി ലിവിന്‍ കുമാര്‍, അല്‍ മൊയ്ദ് ഗ്രൂപ്പ് സി ഒ ഒ ലോഹിദാസ്, അര്‍ജുന്‍സ് ചെസ്സ് അക്കാദമി ഡയറക്ടര്‍ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി നന്ദി രേഖപ്പെടുത്തി.
ഗലാലിയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം രാവിലെ ബഹ്റൈന്‍ ചെസ്സ് ഫെഡറേഷന്‍ ബോര്‍ഡ് അംഗം മുസ്തഫ സലാഹ് നിര്‍വ്വഹിച്ചു.

ഏഴ് റൗണ്ടുകളിലായി റാപ്പിഡ് ഫോര്‍മാറ്റില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ബഹ്റൈന്‍ ദേശീയ ചാമ്പ്യന്‍ ഉള്‍പ്പടെയുള്ള ഇന്റര്‍നാഷണല്‍ ചെസ്സ് ഫെഡറേഷന്റെ രജിസ്‌ട്രേഷനുള്ള 9 രാജ്യങ്ങളില്‍ നിന്നുള്ള 140-ഓളം പ്രമുഖ താരങ്ങള്‍ മാറ്റുരച്ചു.
പൃഥ്വിരാജ് പ്രജീഷ് ഒന്നാം സ്ഥാനം നേടി ട്രോഫിയും 600 ഡോളറും സ്വന്തമാക്കി ചാമ്പ്യനായപ്പോള്‍ മെറോ അഘ്യാദ് രണ്ടാം സ്ഥാനവും (400 ഡോളര്‍), അയ്യാദ് ഹുസൈന്‍ മൂന്നാം സ്ഥാനവും (200 ഡോളര്‍) കരസ്ഥമാക്കി. ധ്രുവി ശ്രീകാന്ത് പണിഗ്രാഹി (100 ഡോളര്‍), നവനീത്, ശ്രീകാന്ത് (75 ഡോളര്‍) എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി.
വിവിധ വിഭാഗങ്ങളില്‍, അണ്ടര്‍ 15 വിഭാഗത്തില്‍ എ ഹഡ്‌സണും അണ്ടര്‍ 10 വിഭാഗത്തില്‍ സാത്വിക് ശര്‍മ്മയും റേറ്റുചെയ്യാത്തവരുടെ വിഭാഗത്തില്‍ ഫഹദ് ഫവാസ് അല്‍ഖൊസൈബിയും 1400- 1599 റേറ്റിംഗ് വിഭാഗത്തില്‍ ആദിത്യ അഗര്‍വാളും ഒന്നാം സ്ഥാനം നേടി ട്രോഫിയും 50 ഡോളര്‍ വീതവും കരസ്ഥമാക്കി.
പ്രത്യേക പുരസ്‌കാരങ്ങളില്‍ മികച്ച ബഹ്‌റൈനി ജൂനിയര്‍ കളിക്കാരനായി ജൂദ് മന്‍സൂര്‍ അല്‍ഫറാജ് തെരഞ്ഞെടുക്കപ്പെട്ടു. അല്‍ഖല്ലാഫ് അലി രണ്ടാം സ്ഥാനവും അലബ്ബാസ് അലി മൂന്നാം സ്ഥാനവും നേടി. മികച്ച സ്‌കൂള്‍ പങ്കാളിത്തത്തിനുള്ള ട്രോഫി ന്യൂ മില്ലെനിയം സ്‌കൂള്‍ സ്വന്തമാക്കി. മികച്ച മുതിര്‍ന്ന കളിക്കാരനായി പിസ്പിനിസ് ഡിമിട്രിയോസിനെയും (50 ഡോളര്‍), മികച്ച വനിതാ കളിക്കാരിയായി ജൂദി മന്‍സൂര്‍ അല്‍ഫറാജിനെയും (50 ഡോളര്‍) ചടങ്ങില്‍ ആദരിച്ചു.
മികച്ച സംഘാടകത്വവും മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പും പങ്കെടുത്ത താരങ്ങളുടെയും പൊതുസമൂഹത്തിന്റെയും വലിയ പ്രശംസ പിടിച്ചുപറ്റി. ടൂര്‍ണമെന്റ് ചരിത്രവിജയമാക്കി മാറ്റാന്‍ സഹകരിച്ച മുഴുവന്‍ പേര്‍ക്കും നന്ദി അറിയിക്കുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ എന്‍ വി ലിവിന്‍ കുമാറും കണ്‍വീനര്‍ മനോജ് പോളും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

