നിര്‍മിത ബുദ്ധിയുടെ കാലത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് വലിയ ഉത്തരവാദിത്വം: മന്ത്രി റോജി എം ജോണ്‍

Web Desk
1 Min Read

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പുതുതായി സി എ നേടിയവരുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു.

city exchange

നിര്‍മിത ബുദ്ധിയുടെ വ്യാപനം നിരവധി തൊഴിലുകളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നിയമപരമായ ഉത്തരവാദിത്വവും തന്ത്രപരമായ ബിസിനസ് ഉപദേശവും മനുഷ്യബുദ്ധിക്ക് മാത്രമുള്ള പ്രധാന മേഖലയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ജി എസ് ടിയുടെ വരവും രാജ്യത്തെ വളര്‍ന്നുവരുന്ന വിപണിയും ബിസിനസ് മേഖലയുമെല്ലാം യോഗ്യതയുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചാലും സ്ഥാപനങ്ങളില്‍ ജോലി ചെയ്താലും പ്രൊഫഷണല്‍ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യ അതിവേഗം മാറുന്ന സാഹചര്യത്തില്‍ നിര്‍മിത ബുദ്ധി, ഡിജിറ്റല്‍ സാങ്കേതികവിദ്യ, മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ മാറ്റങ്ങള്‍ മനസ്സിലാക്കി അവ സ്വായത്തമാക്കേണ്ടത് അനിവാര്യമാണ്. യോഗ്യത നേടിയതോടെ പഠനം അവസാനിപ്പിക്കാതെ നിയമങ്ങളിലും ബിസിനസ് മേഖലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരന്തരം പഠിക്കുകയും അതനുസരിച്ച് സ്വയം നവീകരിക്കുകയും വേണം. മാറുന്ന തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും മികച്ച പരിഹാരങ്ങള്‍ നല്‍കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് കഴിയണം. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിലോ ഒഴിവാക്കുന്നതിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ നികുതി നിയമങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുകയെന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഐ സി എ ഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനും കോണ്‍വൊക്കേഷന്‍ കോര്‍ഡിനേറ്ററുമായ ബാബു അബ്രഹാം കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. എസ് ഐ ആര്‍ സി ട്രഷറര്‍ ദീപ വര്‍ഗ്ഗീസ് പ്രസംഗിച്ചു.

ഇന്ത്യയിലെ 23 കേന്ദ്രങ്ങളില്‍ കോണ്‍വൊക്കേഷന്‍ ചടങ്ങ് നടന്നു. കേരളത്തില്‍ നിന്നും മുന്നൂറോളം വിദ്യാര്‍ഥികളാണ് ബിരുദം നേടിയത്. വിദ്യാര്‍ഥികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

Share This Article
Leave a Comment
error: Content is protected !!