

ബെംഗളൂരു: 1000 കോടി മുതല്‍മുടക്കില്‍ ജാപ്പനീസ് ഭീമന്മാരായ ടൊയോട്ട ട്സുഷോയും സീകോമും ഇന്ത്യയില്‍ സ്ഥാപിക്കുന്ന രണ്ടാമത്തെ മള്‍ട്ടി- സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ബെംഗളൂരുവില്‍. നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ സ്ഥാപിച്ച ആദ്യത്തെ ആശുപത്രിയായ ബെംഗളൂരുവിലെ സക്ര വേള്‍ഡ് ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷിക വേളയിലാണ് പ്രഖ്യാപനം.

രണ്ടാമത്തെ സക്ര വേള്‍ഡ് ഹോസ്പിറ്റലിന് ആദ്യഘട്ടത്തില്‍ 500 ബെഡ് ശേഷിയുണ്ടാകുമെന്നും 2026 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുമെന്നും സീകോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടത്സൂരോ ഫൂസെ, ടൊയോട്ടോ ട്സുഷോ ജിവിഷന്‍ സി ഇ ഒ ഹിറോഷി യോനെനഗ, സക്ര വേള്‍ഡ് ഹോസ്പിറ്റല്‍ ബെംഗളൂരു എം ഡി യുയിചി നഗാനോ, ഗ്രൂപ്പ് സി ഒ ഒ ലവ്കേശ് ഫസു എന്നിവര്‍ ബെംഗളുരുവില്‍ പറഞ്ഞു.

ആറു ലക്ഷം ചതുരശ്ര അടിയില്‍ ബെംഗളൂരുവിലെ ബനാസ് വാഡിയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ സക്ര വേള്‍ഡ് ഹോസ്പിറ്റലില്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും നൂതനമായ രോഗനിര്‍ണയ, ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ടത്സൂരോ ഫൂസെ പറഞ്ഞു. രണ്ടാം ഘട്ട വികസനത്തില്‍ ആശുപത്രിയുടെ ശേഷി 1000 ബെഡാക്കും.
