
കൊച്ചി: എം എസ് എം ഇ സ്ഥാപനങ്ങള്‍ ഉത്പാദനശേഷിയും പ്രവര്‍ത്തനക്ഷമതയും തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന്‍ എം എസ് എം ഇ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാ ഗവണ്‍മെന്റ് എം എസ് എം ഇ വിഭാഗം നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് ഗ്രേസി റെജി പറഞ്ഞു. എം എസ് എം ഇകളുടെ ശേഷി വര്‍ധനയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ധനസമാഹരണം, സാങ്കേതികവിദ്യ, വൈദഗ്ധ്യമുള്ള ജീവനക്കാര്‍, വിപണിയിലെ ആവശ്യകത എന്നിവയാണ് സ്ഥാപനങ്ങളുടെ ശേഷിവികസനത്തില്‍ പ്രധാന ഘടകങ്ങളെന്നും ഗ്രേസി റെജി ചൂണ്ടിക്കാട്ടി.

വലിയ നിക്ഷേപത്തോടെ ബിസിനസ് ആരംഭിക്കുന്നതിനുപകരം ചെറിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങി വിപണി കണ്ടെത്തുകയും ലഭിക്കുന്ന ലാഭം വീണ്ടും ബിസിനസിലേക്ക് നിക്ഷേപിച്ച് ഘട്ടംഘട്ടമായി ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദമായ സമീപനം. പുറത്തുനിന്നുള്ള ധനസഹായം ആവശ്യമായി വരുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ ലാഭം പരമാവധി പുനര്‍നിക്ഷേപിക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
എം എസ് എം ഇകളുടെ വളര്‍ച്ചയില്‍ വിപണി കണ്ടെത്തലിനും ഉത്പന്നത്തിന്റെ ഗുണനിലവാരത്തിനും നിര്‍ണായക പങ്കുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സംവിധാനങ്ങളിലൂടെ പ്രാദേശിക വിപണിക്കപ്പുറം ദേശീയ, അന്താരാഷ്ട്ര വിപണികളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള അവസരങ്ങള്‍ നിലവിലുണ്ടെന്നും അവര്‍ വിശദമാക്കി.
സര്‍ക്കാര്‍ നല്‍കുന്ന വിവിധ വായ്പാ, സബ്സിഡി, വിപണന സഹായ പദ്ധതികള്‍ സംരംഭകര്‍ കൃത്യമായി മനസ്സിലാക്കി ആവശ്യാനുസരണം പ്രയോജനപ്പെടുത്തണം. ലഭിക്കുന്ന വായ്പകള്‍ അനാവശ്യ ചെലവുകള്‍ക്കുപകരം ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ബിസിനസ് വികസനത്തിനുമായി വിനിയോഗിക്കണമെന്നും നിര്‍ദേശിച്ചു.
വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങളിലും പ്രവര്‍ത്തനരീതികളിലും മാറ്റം വരുത്താനുള്ള കഴിവും സംരംഭകര്‍ വികസിപ്പിക്കണം. വ്യത്യസ്തമായ ആശയവും ഉത്പന്നവും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രത്യേകതയും കൈവരിക്കേണ്ടത് കടുത്ത മത്സരത്തെ അതിജീവിക്കാന്‍ സഹായിക്കുമെന്നും ഗ്രേസി റെജി അഭിപ്രായപ്പെട്ടു.
കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെ എം എ എം എസ് എം ഇ ഫോറം ചെയര്‍ കെ വി ജോസ് സ്വാഗതവും കെ എം എ ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

