

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക അംഗവും മുന്‍ പ്രസിഡന്റുമായ ഖത്തറിലെ മുതിര്‍ന്ന മലയാള മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് മേനോനെ ഇന്ത്യന്‍ മീഡിയ ഫോറം (ഐ എം എഫ്) ആദരിച്ചു. തുമാമ ഐ ഐ സി സിയിലെ അല്‍ മുക്ത ഹാളില്‍ നടന്ന ചടങ്ങില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ മുഖ്യാതിഥിയായിരുന്നു. അമൃത ടി വിയുടെ ഖത്തര്‍ റിപ്പോര്‍ട്ടറായിരുന്ന പ്രദീപ് മേനോന്‍ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യന്‍ മീഡിയ ഫോറത്തില്‍ നിന്നുള്ള അംഗത്വം ഒഴിയുന്നതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദരവും യാത്രയയപ്പും നല്‍കിയത്.

ഐ എം എഫ് സെക്രട്ടറി ഫൈസല്‍ ഹംസ, ട്രഷറര്‍ ഷഫീഖ് അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മറുപടി പ്രസംഗത്തില്‍ പ്രദീപ് മേനോന്‍ മാധ്യമ രംഗത്തെ തന്റെ ദീര്‍ഘകാല അനുഭവങ്ങളും പങ്കുവെച്ചു. ഐ എം എഫ് അംഗങ്ങളായ അഷ്‌റഫ് തൂണേരി, സാദിഖ് ചെന്നാടന്‍, കെ ഹുബൈബ്, ശ്രീദേവി ജോയ്, ആര്‍ ജെ രതീഷ് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ 16 വര്‍ഷമായി ഖത്തറില്‍ മാധ്യമരംഗത്ത് സജീവമായിരുന്ന തൃശൂര്‍ സ്വദേശിയായ പ്രദീപ് മേനോന്‍ ഫ്രണ്ട്‌സ് ഓഫ് തൃശൂരിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. ദോഹയിലെ കലാ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ പ്രദീപ് മേനോന്‍ ഖത്തറിലെ സംഗീത പ്രതിഭകളുടെ ട്രെന്‍ഡ്‌സ് മ്യുസിക് ട്രൂപ്പിന്റെ സാരഥ്യവും വഹിക്കുന്നുണ്ട്.

