ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കും: മന്ത്രി ജെ ചിഞ്ചുറാണി

Web Desk
2 Min Read

കോഴിക്കോട്: കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്ക് പെട്ടെന്ന് ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദര്‍ഭങ്ങളിലും മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെയും കോഴിക്കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ക്ഷീരകര്‍ഷക സംഗമത്തിന്റെയും ക്ഷീരഗ്രാമം പദ്ധതിയുടെയും സംയുക്ത ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

city exchange

24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്ററിനറി യൂണിറ്റ് ക്ഷീരകര്‍ഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുഴുവന്‍ സമയ ഡോക്ടര്‍ സേവനം ലഭ്യമാകുന്ന വെറ്ററിനറി ആരോഗ്യ കേന്ദ്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ നടപ്പാക്കി. ഏത് സ്ഥലത്തും എത്താന്‍ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്ററിനറി വാഹന സൗകര്യ പദ്ധതിയും യാഥാര്‍ഥ്യമാക്കും. കിസാന്‍ റെയില്‍ പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലിത്തീറ്റ ഉല്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കേരളത്തില്‍ എത്തിക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്ത് തീറ്റ പുല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കും.

- Advertisement -
Ad image

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ബേപ്പൂര്‍ ഡയറി ട്രെയിനിങ് സെന്റര്‍ നവീകരണം, സ്മാര്‍ട്ട് ക്ലാസ് റൂം, ഡോര്‍മിറ്ററി സൗകര്യം തുടങ്ങി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതെല്ലാം തന്നെ വരും ദിവസങ്ങളില്‍ യാഥാര്‍ഥ്യമാവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം ഡയറി എക്‌സ്‌പോ, സഹകരണ ശില്പശാല, വ്യക്തി വികസന ക്ലാസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡയറി ക്വിസ്, ക്ഷീര സംഘം ജീവനക്കാര്‍ക്കും ഭാരവാഹികള്‍ക്കും ഉള്ള കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ് ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി.പി സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.

ചടങ്ങില്‍ എം പിമാരായ എം കെ രാഘവന്‍, എളമരം കരീം, കുന്ദമംഗലം എം എല്‍ എ പി ടി എ റഹീം, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ് പി ഗവാസ്, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ, രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി,
കെ സി എം എം എഫ് ചെയര്‍മാന്‍ കെ എസ് മണി കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കടലുണ്ടി ക്ഷീരസംഘം പ്രസിഡന്റ് കെ പുഷ്പ രാജന്‍ സ്വാഗതവും കോഴിക്കോട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി ആര്‍ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!