

അധിനിവേശ ജറുസലേം: ഇസ്രായേല്‍ അധിനിവേശ അധികാരികള്‍ മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന സൈനിക നടപടികള്‍ക്കിടയിലും വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅയ്ക്ക് എത്തിയത് തൊണ്ണൂറായിരത്തോളം ഫലസ്തീനികള്‍.

അല്‍ അഖ്സ പള്ളിയില്‍ ഏകദേശം 90,000 പേര്‍ വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുത്തതായി ജറുസലേമിലെ ഇസ്‌ലാമിക് എന്‍ഡോവ്മെന്റ് വകുപ്പാണ് അറിയിച്ചത്.

പള്ളിയിലേക്കുള്ള സൈനിക ചെക്ക്പോസ്റ്റുകള്‍ക്ക് ചുറ്റും അധിനിവേശ സേനയെ വന്‍തോതില്‍ വിന്യസിച്ചിരുന്നതിനാല്‍ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള നിരവധി വിശ്വാസികളെ അവരുടെ സ്വകാര്യ ഐ ഡികള്‍ പരിശോധിച്ച് തടയുന്നതിന് കാരണമായി.
കൂടാതെ, പഴയ ജറുസലേം നഗരത്തിന്റെ ഇടവഴികളിലും അല്‍-അഖ്സ പള്ളിക്ക് ചുറ്റും കവാടങ്ങളിലും ആയിരക്കണക്കിന് ഇസ്രായേലി പൊലീസ് ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു.
ഇസ്രായേലി അധികാരികള്‍ പള്ളി പരിസരത്ത് പ്രവേശിക്കാനുള്ള പുരുഷന്മാരുടെ പ്രായം 55ഉം സ്ത്രീകളുടേത് 50ഉം കുട്ടികളുടേത് 12ഉമായി നിജപ്പെടുത്തിയിരുന്നു.
ജനുവരി 19ന് ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായേല്‍ അധിനിവേശ സേന ഫലസ്തീന്‍ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ തടസ്സങ്ങളും ഇരുമ്പ് ഗേറ്റുകളും സ്ഥാപിച്ച് ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കില്‍ സൈനിക നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

