ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍; ചീഫ് സെക്രട്ടറിക്ക് പരാതി

Web Desk
1 Min Read

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കു പരാതി. കെ എം ബഷീര്‍ നിയമ സഹായ സമിതി കണ്‍വീനറും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാല്‍ കരുളായിയാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പരാതി നല്‍കിയത്.

city exchange

നരഹത്യ, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ വിവിധ വകുപ്പുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന കേരള കേഡര്‍ ഐ എ എസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യ ജീവനക്കാര്‍ക്ക് ബാധകമായ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷന്‍ നല്‍കിയതിനെതിരെയാണ് പരാതി.

അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങള്‍ ബാധകമായ ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കേണ്ട സാഹചര്യം ഉണ്ടായാല്‍ അവര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണെങ്കില്‍ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിക്കാമെങ്കിലും പ്രൊമോഷന്‍ നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

അഭിമുഖത്തിലെ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ സൂക്ഷിച്ച് കേസില്‍ നിന്ന് കുറ്റവിമുക്തരായ ശേഷം പരിഗണിക്കാവുന്നതും പ്രൊമോഷന് യോഗ്യത നേടിയിട്ടുണ്ടെങ്കില്‍ നല്‍കുകയുമാണ് ചെയ്യേണ്ടത്. എന്നാല്‍ ശ്രീറാമിന്റെ കാര്യത്തില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

- Advertisement -
Ad image

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നും ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ പ്രൊമോഷന്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!