

കൊച്ചി: കുട്ടിക്കാലം മുതലേ മനസ്സിലുണ്ടായിരുന്ന ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള സമസ്യകള്‍ക്ക് ഉത്തരം തേടി വൈദ്യശാസ്ത്ര പഠനത്തോടൊപ്പം സമാന്തരമായി ആത്മീയ സഞ്ചാരവും നടത്തിയിരുന്നതായും. ബുദ്ധ ദര്‍ശനങ്ങളും ജ്യോതിശാസ്ത്രവും ഭാരതീയവും പാശ്ചാത്യവുമായ പല ചിന്താ പദ്ധതികളും പരിചയപ്പെട്ടെങ്കിലും ശ്രീശങ്കര ദര്‍ശനം നല്‍കിയ ചിന്താപരമായ ഉറപ്പാണ് തന്റെ ജീവിതത്തിന് കരുത്തായതെന്നും ഡോ. സുവര്‍ണ നാലാപ്പാട്ട്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പ്രസ്ഥാനത്രയ പഠനങ്ങള്‍ നടത്തി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭഗവദ് ഗീതക്ക് സൗവര്‍ണ്ണമെന്ന വ്യാഖ്യാനവും സുധാസിന്ധു എന്ന അതിബൃഹത്തായ ഉപനിഷത് പഠനവും ബ്രഹ്മസൂത്ര വ്യാഖ്യാനവും അവരുടെ പ്രധാന രചനകകളാണ്. ബുദ്ധിപരമായും വൈകാരികമായും ആത്മീയമായും ഉള്ള അസ്വസ്ഥതകളെ പരിഹരിക്കുന്ന ഒരു തത്വചിന്തക്കേ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കാനാകൂ. ആധുനിക ശാസ്ത്രത്തിന്റെ യുക്തിയും വേദാന്തത്തിന്റെ ആശയ ഘടനയും സമന്വയിക്കുന്ന രചനകളാണ് അവരുടേത് എന്ന് ശ്രീ ഗുരുവായൂരപ്പന്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. ലക്ഷ്മി ശങ്കര്‍ അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ തുടര്‍ന്ന് കൊച്ചി മഹാരാജാസ് കോളേജിലെ കുട്ടികള്‍ അവതരിപ്പിച്ച ഗാനാഞ്ജലി, തൃപ്പൂണിത്തുറ തെക്കുംഭാഗം എസ് വി എല്‍ പി എസിലെ കുട്ടികള്‍ അവതരിപ്പിച്ച നിലാനടനം എന്നിവയും നടന്നു.
ഡിസംബര്‍ 19 വരെയാണ് എറണാകുളത്തപ്പന്‍ മൈതാനത്ത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.

