Connect with us

GCC News

ഫായിസിന്റെ സൈക്കിള്‍ യജ്ഞം യു എ ഇയിലേക്ക്

Published

on


ദുബൈ: സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര യു എ ഇയിലെത്തുന്നു. തിങ്കളാഴ്ചയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്റഫ് ഇവിടെയെത്തുക. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ യുവാവ് പുറപ്പെട്ടത്.

ഒമാനില്‍ നിന്നാണ് അതിര്‍ത്തികടന്ന് യു എ ഇയില്‍ എത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര ലണ്ടന്‍ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 450 ദിവസം പിന്നിടുമ്പോള്‍ ലണ്ടനിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ.

‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് യാത്ര. ടീം എക്കോ വീലേഴ്സിന്റെ നേതൃത്വത്തില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ പിന്തുണയോടെയാണ് സൈക്കിള്‍ യജ്ഞം.

കേരളത്തില്‍ തുടങ്ങിയ യാത്ര മുംബൈയിലെത്തിയ ശേഷം വിമാനമാര്‍മാണ് ഒമാനിലിറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് യു എ ഇയില്‍ എത്തുന്നത്. മൂന്നാഴ്ചയോളം ഫായിസ് യു എ ഇയിലുണ്ടാവും. യു എ ഇയില്‍ ഡി എക്സ് ബി റൈഡേഴ്സാണ് ഫായിസിന് അകമ്പടി സേവിക്കുന്നതും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും.

ഏഴ് എമിറേറ്റുകളും പിന്നിട്ടായിരിക്കും യു എ ഇ പര്യടനം. 26ന് ഫുജൈറയിലാണ് യാത്ര തുടങ്ങുന്നത്. ഖത്തര്‍, ബഹ്റെന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, ജോര്‍ജിയ, തുര്‍ക്കി എന്നിവയാണ് അടുത്ത ലക്ഷ്യസ്ഥാനങ്ങള്‍. പാകിസ്താന്‍, ചൈന എന്നിവയുടെ വിസ ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് യാത്ര.

അമേരിക്കന്‍ കമ്പനിയുടെ സര്‍ലേഡിസ്‌ക്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. ഭാര്യ ഡോ. അസ്മിന്‍ യാത്രക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുന്നുണ്ട്. ഫഹ്സിന്‍ ഒമര്‍, അയ്സിന്‍ നഹേല്‍ എന്നിവര്‍ മക്കളാണ്.


error: Content is protected !!