

ന്യൂഡല്‍ഹി: യു എ പി എ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ആരോപിച്ച് ശശി തരൂര്‍ സ്വകാര്യ ബില്ലുമായി രംഗത്ത്. യു എ പി എ ചുമത്തി നടപടികള്‍ നേരിടുന്നവരില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


യു എ പി എയിലെ 66 ശതമാനം കേസുകളിലും അക്രമപ്രവര്‍ത്തനങ്ങളൊന്നുമില്ല. 56 ശതമാനം കേസുകളിലാകട്ടെ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുന്നത് രണ്ട് വര്‍ഷത്തിന് ശേഷമാണ്. 2014ന് ശേഷം ആകെയുള്ള യു എ പി എ കേസുകളില്‍ ആളുകള്‍ ശിക്ഷിക്കപ്പെട്ടത് 2.4 ശതമാനത്തില്‍ മാത്രമാണെന്നും അതുകൊണ്ട് യു എ പി എ ജനാധിപത്യത്തിലെ കറുത്തപാടാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

യു എ പി എ അധികാര ദുര്‍വിനിയോഗത്തിന് വാതില്‍ തുറന്നിട്ടിരിക്കുകയാണ്. വ്യക്തികളേയും സംഘടനകളേയും തീവ്രവാദികളെന്ന് മുദ്രകുത്താന്‍ നിയമം സഹായിക്കുന്നുണ്ടെന്നും തരൂര്‍ സ്വകാര്യ ബില്ലില്‍ പറയുന്നു.
അടിച്ചമര്‍ത്താനുള്ള ആയുധമായി യു എ പി എ മാറിയിട്ടുണ്ട്. ജനങ്ങളെ എത്രകാലം വേണമെങ്കിലും ജയിലിലിടാനും നിയമത്തെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. നിയമം മൂലം ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം സ്വകാര്യ ബില്ലില്‍ പറയുന്നു.

