Connect with us

Special

ഫോട്ടോ ബാക്കിയാക്കി പോയ ഷിനോദേട്ടന്‍

Published

on


ഞാന്‍ ഫോട്ടോ അയച്ചക്ക്ണ്. ആരും കൊടുക്കൂന്ന് എനിക്ക് തോന്ന്ണ്ല്ല ഫര്‍ദീസേ. നിന്റെ കൈയ്യില് നിന്നോട്ടേ. നിനക്ക് എന്ത്‌നെങ്കിലുമൊക്കെ ഉപയോഗിക്കാം.

ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ വാട്ട്‌സ് ആപ്പില്‍ ഷിനോദേട്ടേന്റെ ഫോട്ടോ അയച്ചു തന്ന ശേഷം എന്നെ വിളിച്ചു പറഞ്ഞ ഈ വാക്കുകള്‍. ഇന്നലെ വീണ്ടും വീണ്ടും ഓര്‍മയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ഷിനോദേട്ടന്‍ പോയി എന്ന വിവരമറിഞ്ഞ സമയത്ത്, കോഴിക്കോട്ടെയും മറ്റും വാട്ട്‌സ് ആപ്പ് കൂട്ടായ്മകളിലേക്ക് ഈ വിവരമിട്ട ശേഷം മൂപ്പരെ ഒരു ഫോട്ടോ കൂടി ഇടാമെന്ന് തോന്നി. അതിനു വേണ്ടി കെ യു ഡബ്ല്യു ജെ ഗ്രൂപ്പിലും മറ്റും തപ്പുമ്പോഴാണ് പെട്ടെന്ന് അദ്ദേഹം തന്നെ അയച്ചു തന്ന ഫോട്ടോയെക്കുറിച്ച് ഓര്‍മ വരുന്നതും ഷിനോദേട്ടന്റെ വാട്ട്‌സ് ആപ്പില്‍ നിന്ന് തന്നെ അത് തപ്പിയെടുക്കുന്നതും.

പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഫോട്ടോ പത്രങ്ങളില്‍ കൊടുക്കുവാന്‍ വേണ്ടിയാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ഫോട്ടോ ഞാന്‍ ചോദിക്കുന്നത്.
അത് വേണോ?
എടാ, നമ്മളൊന്നും ട്രഷററുടെ ഫോട്ടോ കൊടുക്കാറില്ല. എന്നോടുള്ള മൂപ്പരുടെ
ആദ്യത്തെ പ്രതികരണമിതായിരുന്നു. കൊടുപ്പിക്കുന്നത് നിങ്ങള് റിട്ടേണിംഗ് ഓഫീസര്‍ക്ക് വിട്! നിങ്ങള് കൊടുക്കൂലാന്ന് എനിക്കറിയാം. അതോണ്ട് വേറെ ആരും കൊടുക്കൂലാ ലൊന്നുമില്ലല്ലോ?

ഇന്നാ, ശരി ഞാന്‍ അയക്കാം.അങ്ങനെ വാര്‍ത്ത ചില പത്രങ്ങളിലൊക്കെ വന്നു. മൂപ്പര് പറഞ്ഞപോലെ മൂപ്പരും ഞാനുമൊക്കെ പ്രതീക്ഷിച്ച പലതിലും വന്നുമില്ല.
എന്നാല്‍ നിനക്ക് എന്ത്‌നെങ്കിലുമൊക്കെ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്ന ഫോട്ടോ ഒന്നോ രണ്ടോ ആഴ്ചകള്‍ കലണ്ടറില്‍ മാറി മറിയുമ്പോഴേക്ക് അദ്ദേഹത്തിന്റെ ചരമക്കുറിപ്പിന് തന്നെ ഫോട്ടോയായി എടുത്തുപയോഗിക്കേണ്ടി വരുമെന്ന് സ്വപ്‌നേപി ഒരിക്കലും…

മരണമെത്തുന്ന നേരത്ത്…
കവി കുറിച്ചിട്ട ഈ വരികള്‍ പോലെ മരണപ്പെടുന്ന സമയത്തേ, മരണത്തെക്കുറിച്ച് മരിക്കുന്നയാളും, അതിനു ശേഷമേ അവിടെ കൂടിയവരും ഓര്‍മിക്കുകയുള്ളൂ. ഖുര്‍ആനില്‍ ഒരു വാചകമുണ്ട്, തീര്‍ച്ച, എല്ലാ ആത്മാവും മരണത്തെ രുചിക്കുക തന്നെ ചെയ്യുമെന്ന്. എന്നാല്‍ സമൂഹത്തിലെ ഭൂരിഭാഗത്തിനും വിളിക്കാതെ, ഒരിക്കലും പ്രതീക്ഷിക്കാതെ, നമ്മുടെ ചിന്തയില്‍ പോലുമില്ലാത്ത സമയത്ത് സര്‍പ്രൈസ് വിസിറ്ററായി ആയി കടന്നു വരുന്നതായിരിക്കും മരണം. ഷിനോദേട്ടനെ അടുത്തറിയുന്നവരെയും ഏറെ ഈ വിവരം ഞെട്ടിക്കുന്നതുമിതുകൊണ്ടാണ്.

ഏറ്റെടുക്കുന്ന ജോലിയോട് പ്രത്യേകിച്ച് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് നീതി പുലര്‍ത്തുവാന്‍ ഏറെ നിഷ്‌കര്‍ഷ പുലര്‍ത്തിയ വ്യക്തിയായിരുന്നു ഷിനോദേട്ടന്‍. വലിയ വലിയ ബഹളമുണ്ടാക്കി പിടിച്ചു വാങ്ങുവാന്‍ നില്ക്കുന്ന സ്വഭാവക്കാരനല്ല. അതുപോലെ സ്വന്തം നിലപാടുണ്ടെങ്കിലും അതിന് മേല്‍ക്കോയ്മ കിട്ടുവാന്‍ ഒച്ചവെച്ച് കാട്ടിക്കൂട്ടലുകള്‍ക്ക് ഈ മനുഷ്യന്‍ തയ്യാറാകുന്നതും കണ്ടിട്ടുമില്ല. അങ്ങനെ തന്റെ പ്രവര്‍ത്തി/ ഇടപെടല്‍ കൊണ്ട് മറ്റുള്ളവരാല്‍, മൂപ്പര് ആള് ഡീസന്റ് ആണ് ട്ടോ എന്ന് മരിക്കുന്നതിന് മുന്‍പേ പറയിപ്പിക്കുവാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. സാധാരണ ഒരാള്‍ മരിച്ചു കഴിഞ്ഞാലാണ് ചുറ്റുപാടും അയാളുടെ അപദാനങ്ങള്‍ പാടി പുകഴ്ത്തുക, തലേ ദിവസംവരെ അയാളെ കുറ്റം പറഞ്ഞ് നടന്നവര്‍ പോലും.

ഇതുകൊണ്ടെക്കെ തന്നെയാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഷിനോദേട്ടന്റെ പടം കൂടി പത്രത്തില്‍ വരണമെന്ന നിര്‍ബന്ധ ബുദ്ധി എനിക്കുണ്ടായതും. കാരണം, പത്രപ്രവര്‍ത്തക യൂണിയന്‍ എന്ന നിലക്ക് ആത്മാര്‍ഥതയോടെ ഇതിനോട് ഇടപെടുന്നവരെയൊന്നും കെ യു ഡബ്യു ജെ തെരെഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍, മുന്നണിയുണ്ടാക്കി അങ്ങോട്ടുമിങ്ങോട്ടും ഭാരവാഹിത്വം ഒപ്പിച്ചു കൊടുക്കുമ്പോള്‍ ചിലപ്പോഴൊഴികെ പലപ്പോഴും വിട്ടുപോകുകയാണ് പതിവ്. ഇത്തരമൊരു പരിതസ്ഥിതിയില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ ടി ഷിനോദ് കുമാര്‍ എന്നത് കേള്‍ക്കുന്ന ആരെയും മുഖം ചുളിപ്പിക്കുന്ന ഒരു തെരഞ്ഞെടുപ്പ് ആയിരുന്നില്ല. ജില്ലാ റിട്ടേണിംഗ് ഓഫീസര്‍, എന്നത് മിക്കവാറും എന്റെ തലയില്‍ വീഴുമെന്ന് ഉറപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിന്റെ തലേ ദിവസം ഞാന്‍ ഷിനോദേട്ടനെ വിളിച്ചു, ഞാന്‍ ആര്‍ ഒ ആയാല്‍ പറയുന്നത് ശരിയല്ലെന്നത് കൊണ്ട് ഇപ്പഴേ പറയുകയാണ്, നിങ്ങള് അടുത്ത കമ്മിറ്റിയില്‍ ഒരു ഭാരവാഹിയാകണട്ടോ.

ആദ്യം ഒന്നും പ്രതികരിച്ചില്ല. ന്താ ഒന്നും മിണ്ടാത്തത്, ഹ… നോക്കാം. പിന്നെ നീ ആ കലയുടെ സോവനീറിന്റെ മാറ്ററിന്റെ കാര്യം, മറക്കരുതു ട്ടോ….

ഷിനോദേട്ടന്റെ കുടുംബത്തിന്റെ നഷ്ടം എന്നതിനപ്പുറം, കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നഷ്ടം കൂടിയായി ഇത് മാറുന്നതിതുകൊണ്ട് കൂടിയാണ്.

ട്രഷറര്‍ എന്ന സുപ്രധാന പോസ്റ്റില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ രണ്ട് മൂന്ന് പതിറ്റാണ്ട് നിന്ന കല പോലുള്ള സാമൂഹ്യ കൂട്ടായ്മകളിലെ പ്രവര്‍ത്തന പരിചയം, യൂണിയന് വഴി കാട്ടിയായി മാറേണ്ടിയിരുന്ന സമയത്താണ് അദ്ദേഹം നമ്മെ വിട്ടുപോകുന്നത്. വരുന്ന ഞായറാഴ്ച നടക്കുന്ന കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍, സ്ഥാനമേറ്റെടുക്കുവാന്‍ അഞ്ചു ദിനം മാത്രം ബാക്കി നില്‌ക്കെയാണ് ഒരു പാട് ഓര്‍മകള്‍ മാത്രം ബാക്കി നിറുത്തി ഇനിയൊരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക് ഈ ജ്യേഷ്ഠ സുഹൃത്ത് ഒരു മുന്നറിയിപ്പും തരാതെ വിടവാങ്ങി പോയത്.

(ലേഖകന്‍ കെ യു ഡബ്ല്യു ജെ സംസ്ഥാന കമ്മിറ്റി മുന്‍ അംഗമാണ്)

Advertisement


error: Content is protected !!