യൂഡൈസ്: വിവര ശേഖരണത്തിന് സമയം ദീര്‍ഘിപ്പിക്കണമെന്ന് കെ എ ടി എഫ്

Web Desk
2 Min Read

കൊച്ചി: യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജുക്കേഷന്‍ പ്ലസ് പോര്‍ട്ടല്‍ വഴിയുള്ള വിദ്യാര്‍ഥികളുടെ വിവര ശേഖരണത്തിന്റെ സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

city exchange

ഓണപരീക്ഷ മൂല്യനിര്‍ണയം, ക്ലാസ് പി ടി എ, ഓണം സ്‌പെഷ്യല്‍ റൈസ് വിതരണം, തസ്തിക നിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കല്‍ ഇങ്ങനെ ഒട്ടനേകം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ നിര്‍ബന്ധിതരായ അധ്യാപകരുടെ മുന്നിലാണ് കുട്ടികളുടെ വിവര ശേഖരണം സപ്തംബര്‍ രണ്ടിനകം പൂര്‍ത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സ്‌കൂളും ഓഫീസും ഓണം അവധിയായിരിക്കെ മുഴുവന്‍ കുട്ടികളുടെയും വിവര ശേഖരണം പൂര്‍ത്തിയാക്കാന്‍ പറയുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി.

കെ – ഫോണിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം പോലും ഇല്ലാതായിരിക്കുന്ന സ്ഥിതി വിശേഷണത്തിലാണ് അസാധ്യമായ ജോലിക്ക് വിദ്യാഭ്യാസ വകുപ്പ് അധ്യാപകരെ നിര്‍ബന്ധിപ്പിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

- Advertisement -
Ad image

പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കര്‍ത്താക്കളുടെയും 56 ഇനം വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുവാനാണ് നിര്‍ദ്ദേശം. ആധാര്‍ നമ്പറുകള്‍, മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍, മതം, ജാതി, സാമ്പത്തിക പിന്നോക്ക അവസ്ഥ തുടങ്ങിയ 56 വിവരങ്ങള്‍ അധ്യാപകര്‍ ഈ അവധിക്കാലത്ത് ശേഖരിച്ച് നല്‍കണം.

2022- 23 വിദ്യാഭ്യാസ വര്‍ഷം പഠനം പൂര്‍ത്തിയാക്കി പുറത്തുപോയവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളും ശേഖരിച്ച് നല്‍കുക എന്നത് ഏറെ പ്രയാസം സൃഷ്ടിക്കും. അധ്യാപകര്‍ക്ക് മേല്‍ അധികഭാരം കെട്ടിയേല്പിക്കുന്നത് മൂലം സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ആയതിനാല്‍ വിവര ശേഖരണം പൂര്‍ത്തിയാക്കുവാനുള്ള സമയ പരിധി ദീര്‍ഘിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ കെ എ മാഹിന്‍ ബാഖവി, സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി, സി എച്ച് ഫാറൂഖ്, എം പി അബ്ദുസലാം, എം എ സാദിഖ്, ടി പി അബ്ദുല്‍ റഹീം, മന്‍സൂര്‍ മാടമ്പാട്ട്, കെ നൂറുല്‍ അമീന്‍, നൗഷാദ് കോപ്പിലാന്‍, ഒ എം യഹ്യാഖാന്‍, ടി സി ലത്തീഫ്, കെ വി റംല, മുഹമ്മദലി മിഷ്‌കാത്തി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!