ആലുവ മാര്‍ക്കറ്റ് സമുച്ചയം യാഥാര്‍ഥ്യത്തിലേക്കെന്ന് എം എല്‍ എയും മുന്‍സിപ്പല്‍ ചെയര്‍മാനും

Web Desk
1 Min Read

ആലുവ: കേന്ദ്ര- സംസ്ഥാന പദ്ധതിയായി 50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ആലുവ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ വിളിച്ചതായും ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 23 ആണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എയും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണും അറിയിച്ചു.

city exchange

മാര്‍ക്കറ്റ് നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയില്‍ നിന്നും 30 കോടിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 20 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

പുതുതായി നിര്‍മ്മിക്കുന്ന മാര്‍ക്കറ്റിന്റെ രൂപരേഖ പ്രകാരം ബേസ്മെന്റ് ഫ്േളാര്‍, ഗ്രൗണ്ട് ഫ്േളാര്‍, മെസാനിന്‍ ഫ്േളാര്‍, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടി (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി മുന്നൂറ്റി എട്ട്)യിലാണ് നിര്‍മ്മാണം നടത്തുക. ഇതില്‍ റസ്റ്റോറന്റും സൂപ്പര്‍മാര്‍ക്കറ്റും കൂടാതെ 88 ഷോപ്പുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലേഡീസ്, ജെന്റ്‌സ്, ട്രാന്‍സ്‌ജെന്റേഴ്സ്, ശാരീരിക പരിമിതിയുള്ളവര്‍ എന്നിവര്‍ക്കായി പ്രത്യേകം ടോയ്‌ലെറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, പ്രായാധിക്യമുള്ളവര്‍ക്ക് തെന്നാത്ത ടൈലുകള്‍ പതിച്ച റാമ്പ് എന്നീ സംവിധാനവും മാര്‍ക്കറ്റ് സമുച്ചയത്തില്‍ ഉണ്ടായിരിക്കും.

മല്‍സ്യമാംസാദികള്‍ ശീതകരിച്ചുവയ്ക്കുന്നതിനും അതിനാവശ്യമായ ഒരുക്കങ്ങള്‍ ചെയ്യുന്നതിനുള്ള സൗകര്യവും മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ്‌മെന്റ് പ്ലാന്റും പുതിയ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ രൂപ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇങ്ങനെ ഏറ്റവും നൂതനമായ എല്ലാ സംവിധാനങ്ങളോടു കൂടിയ മാര്‍ക്കറ്റ് സമുച്ചയമായിരിക്കും അനുമതി ലഭിച്ച പദ്ധതിയില്‍ ആലുവ മുനിസിപ്പാലിറ്റിയില്‍ നിര്‍മ്മിക്കുകയെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ യും മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണും പറഞ്ഞു.

- Advertisement -
Ad image

ആലുവയില്‍ ഏറ്റവും ആധുനികം സംവിധാനങ്ങളോടു കൂടിയ ഒരു മാര്‍ക്കറ്റ് വേണമെന്ന ആലുവക്കാരുടേയും മാര്‍ക്കറ്റില്‍ വരുന്ന മറ്റു പൊതുജനങ്ങളുടേയും കൂടാതെ വ്യാപാരി വ്യവസായികളുടേയും ദീര്‍ഘനാളത്തെ സ്വപ്‌നമാണ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്നും ഇരുവരും പറഞ്ഞു.

കേരള സംസ്ഥാന കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍വഹണ ഏജന്‍സി.

Share This Article
Leave a Comment
error: Content is protected !!