
ആലുവ: ടി ബി മുക്ത് പഞ്ചായത്ത് അവാര്‍ഡ് ഇത്തവണയും കീഴ്മാടിന്. തുടര്‍ച്ചയായി രണ്ടാം തവണയും പുരസ്‌ക്കാരത്തിന് അര്‍ഹമായതുകൊണ്ട് ഇത്തവണ വെള്ളി മെഡല്‍ കീഴ്മാട് കരസ്ഥമാക്കി. ജില്ലയില്‍ നാല് സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. പന്ത്രണ്ട് സ്ഥാപനങ്ങള്‍ വെങ്കല മെഡലാണ് കരസ്ഥമാക്കിയത്.

ഇടപ്പള്ളിയിലെ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കെ മുരളീധരനില്‍ നിന്നും കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍, ക്ഷേമകാര്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാഹിദ അബ്ദുല്‍സലാം, ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് കുമാര്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര സെല്‍വരാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്,
പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, ക്ലര്‍ക്ക് പി കെ അനീഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്ലിഫി ജോസഫ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ അസ്ന യൂസുഫ്, ആശ പ്രവര്‍ത്തകരായ കെ എച്ച് നഫീസ, എം എം മൈമൂനത്ത്, കെ ബി മിനി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ആലുവ ടി ബി യൂണിറ്റിലെ ടി ബി എലിമിനേഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിക പ്രേം,
ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ വി എസ് സൂരജ്, സീനിയര്‍ ലാബ് സൂപ്പര്‍വൈസര്‍ കെ ആര്‍ നിഷ
എന്നിവരുടെ നിര്‍ദ്ദേശാനുസരണമുള്ള പ്രവര്‍ത്തനങ്ങളാണ് കീഴ്മാടിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
കഴിഞ്ഞ വര്‍ഷം ആയിരത്തി മുന്നൂറ് കഫ പരിശോധനാ സാമ്പിളുകളാണ് കീഴ്മാടില്‍ ക്ഷയ പരിശോധനയ്ക്ക് വിധേയമാക്കിയത്. പഞ്ചായത്തിലെ മുഴുവന്‍ ക്ഷയരോഗികള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കി. ക്ഷയരോഗമരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ രോഗശമന നിരക്ക് എണ്‍പത്തിയഞ്ച് ശതമാനത്തിന് മുകളിലായിരുന്നു.
ഡ്രഗ് സെന്‍സിറ്റിവിറ്റി ടെസ്റ്റ്, ടി ബി രോഗികളുടെ പെന്‍ഷന്‍ എന്നിവയുടെ നടപടിക്രമങ്ങള്‍ പൂര്‍ണമായിരുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ മുഴുവന്‍ പൂര്‍ണമാക്കുന്നവര്‍ക്കാണ് ടി ബി മുക്ത് അവാര്‍ഡിന് അര്‍ഹത നേടുന്നത്.

