

സിയോള്‍: ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലി പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്യാന്‍ വോട്ട് ചെയ്തു. ഈ മാസമാദ്യം അദ്ദേഹം പ്രഖ്യാപിച്ച സൈനിക നിയമം വ്യാപകമായ പ്രതിഷേധത്തിനും പ്രകോപനത്തിനും കാരണമായിരുന്നു. മാത്രമല്ല രാജ്യത്തെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ ഓഫീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ദക്ഷിണ കൊറിയയുടെ ഭരണഘടന പ്രകാരം പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഇടക്കാല നേതാവായി തുടരും. യൂണിനെ പുനഃസ്ഥാപിക്കണോ അതോ നീക്കം ചെയ്യണോ എന്ന് ഭരണഘടനാ കോടതി തീരുമാനിക്കും.

ഡിസംബര്‍ മൂന്നിനാണ് തന്റെ സര്‍ക്കാരിനെ പ്രതിപക്ഷം സ്തംഭിപ്പിക്കുന്നുവെന്ന് ആരോപിച്ച് യൂണ്‍ പട്ടാള നിയമം പ്രഖ്യാപിക്കുകയും സൈനികരെ ദേശീയ അസംബ്ലിയിലേക്ക് അയയ്ക്കുകയും ചെയ്തത്. പട്ടാളക്കാരെ നയിച്ച ഒരു ഉദ്യോഗസ്ഥന്‍ പിന്നീട് പറഞ്ഞത് നിയമനിര്‍മ്മാതാക്കളെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാനായിരുന്നു അവര്‍ക്ക് ലഭിച്ച ഉത്തരവെന്നാണ്.

1980-കളുടെ അവസാനത്തില്‍ രാജ്യത്ത് സൈനിക സ്വേച്ഛാധിപത്യം അവസാനിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പട്ടാള നിയമം പ്രഖ്യാപിക്കുന്നത്. സൈനിക ഹെലികോപ്റ്ററുകളില്‍ നിന്ന് ആക്രമണ റൈഫിളുകളുമായി പടയാളികള്‍ ഇറങ്ങുകയും തുടര്‍ന്ന് ദേശീയ അസംബ്ലി കെട്ടിടം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ വ്യാപകമായ ഞെട്ടലും രോഷവുമാണ് സൃഷ്ടിച്ചത്. പ്രഖ്യാപനം പ്രതിപക്ഷം നിരസിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ യൂണിന് തന്റെ ഉത്തരവ് റദ്ദാക്കേണ്ടി വരികയായിരുന്നു.
യൂണ്‍ പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയായിരുന്നു. അദ്ദേഹം കലാപത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപിക്കുകയും അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. യൂണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ അണിനിരന്നു.
പീപ്പിള്‍ പവര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഡിസംബര്‍ 7-ന് നാഷണല്‍ അസംബ്ലിയില്‍ നടന്ന ഇംപീച്ച്മെന്റ് വോട്ടിനെ യൂണ്‍ അതിജീവിച്ചു. പദവി ഒഴിയണമെന്ന് യൂണിനോട് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ആദ്യം നിശ്ശബ്ദനായ അദ്ദേഹം വ്യാഴാഴ്ച നടത്തിയ പ്രസംഗത്തില്‍ തന്റെ സൈനിക നിയമ ഉത്തരവിനെ ന്യായീകരിക്കുകയും തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ‘അവസാനം വരെ പോരാടുമെന്ന്’ പ്രഖ്യാപിക്കുകയും ചെയ്തു. തന്നെ ഇംപീച്ച് ചെയ്താല്‍ ഭരണഘടനാ കോടതിയില്‍ തന്നെ പുറത്താക്കുന്നതിനെതിരെ പോരാടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

