Connect with us

Business

കൊച്ചിയില്‍ നാലാമത്തെ കോവര്‍ക്കിംഗ് സ്‌പേസ് തുറന്ന് സ്‌പേസ്വണ്‍

Published

on


കൊച്ചി: രാജ്യത്തെ പ്രമുഖ കോവര്‍ക്കിംഗ് സ്‌പേസ് ദാതാവായ സ്‌പേസ്വണ്‍ കേരളത്തിലെ നാലാമത്തെ കോവര്‍ക്കിംഗ് കേന്ദ്രം കൊച്ചി മറൈന്‍ ഡ്രൈവിലെ അബാദ് ബേ പ്രൈഡ് ടവേഴ്സില്‍ തുറന്നു. 4800 ചതുരശ്ര അടി വിസ്തൃതിയില്‍ ആദ്യഘട്ടത്തില്‍ 120 വര്‍ക്ക് സ്റ്റേഷനുകളുള്ള പുതിയ കേന്ദ്രം കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആറു മാസത്തിനകം 130 സീറ്റുള്ള രണ്ടാം ഘട്ടവും പൂര്‍ത്തിയാകുമ്പോള്‍ ബേ പ്രൈഡ് ടവേഴ്സിലെ പുതിയ കോവര്‍ക്കിംഗ് സ്പേസില്‍ 250 വര്‍ക്ക് സ്റ്റേഷനുകളാകുമെന്ന് സ്പേസ്വണ്‍ സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജെയിംസ് തോമസ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ വാട്ടര്‍ഫ്രണ്ട് കോവര്‍ക്കിംഗ് സ്പേസാകും ബേ പ്രൈഡ് ടവേഴ്സിലേതെന്നും ഈ ലൊക്കേഷനിണങ്ങുന്ന ഏറ്റവും നൂതന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഴുവനായും ഫര്‍ണിഷ് ചെയ്ത ഈ അള്‍ട്രാ ലക്ഷ്വറി കോവര്‍ക്കിംഗ് സ്പേസ് ബഹുരാഷ്ട്ര കമ്പനികള്‍, ഷിപ്പിംഗ് കമ്പനികള്‍, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയവയെയാണ് ലക്ഷ്യമിടുന്നത്. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ സാമീപ്യവും നഗരത്തിന്റെ തിരക്കില്‍പ്പെടാതെ കണ്ടെയ്നര്‍ റോഡുവഴി എളുപ്പം എയര്‍പോര്‍ട്ടിലെത്താമെന്നതുമാണ് പുതിയ സെന്ററിന്റെ മറ്റു സവിശേഷതകള്‍.

ഒരു വര്‍ക്ക് സ്റ്റേഷന്‍ മുതല്‍ 5, 35, 50, 100 സീറ്റുകള്‍ വരെയുള്ള ഓഫീസുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് രൂപകല്‍പ്പന. മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ഹൈസ്പീഡ് ഇന്റര്‍നെറ്റ്, പവര്‍ ബാക്കപ്പ്, കഫറ്റേരിയ, എന്റര്‍ടെയിന്‍മെന്റ് ഏരിയ എന്നിവ ഉള്‍പ്പെടെ പുതിയ തലമുറ ഉറ്റുനോക്കുന്ന എല്ലാ സംവിധാനങ്ങളും പുതിയ സെന്ററിലുണ്ട്. ബേ പ്രൈഡ് ടവേഴ്സിലെ പാര്‍ക്കിംഗ് സൗകര്യവും സെന്ററിന്റെ ആകര്‍ഷണമാണ്. രണ്ടാം ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്കാവശ്യമായ വിധത്തില്‍ കസ്റ്റമൈസ് ചെയ്ത പ്രൈവറ്റ് ഓഫീസുകളും ലഭ്യമാക്കുമെന്നും ജെയിംസ് തോമസ് പറഞ്ഞു.

കൊച്ചിയിലെ നാലാത്തെ കോവര്‍ക്കിംഗ് സ്പേസിനു പിന്നാലെ തിരുവനന്തപുരത്തും പുതിയ കേന്ദ്രം തുറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സ്പേസ്വണ്‍ സൊലൂഷന്‍സ് പ്രോപ്പര്‍ട്ടി അക്വിസിഷന്‍ ഡയറക്ടര്‍ സിജോ ജോസ് പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാളിനു സമീപം 18,000 ചതുരശ്ര അടി വിസ്തൃതിയില്‍ 300 വര്‍ക്ക് സ്റ്റേഷനുകളോടെ സ്ഥാപിക്കുന്ന കോവര്‍ക്കിംഗ് സ്പേസ് 2023 മാര്‍ച്ച് മാസത്തോടെ തുറക്കും. ഇവയ്ക്കു പിന്നാലെ ചെന്നൈ, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും ഈ സാമ്പത്തികവര്‍ഷം തന്നെ പുതിയ കോവര്‍ക്കിംഗ് സ്പേസ് കേന്ദ്രങ്ങള്‍ തുറക്കും. മൊത്തം 1.20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 30 കോടി രൂപയുടെ നിക്ഷേപമാണ് ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി വിഭാവനം ചെയ്യുന്നതെന്നും സിജോ ജോസ് പറഞ്ഞു.

കോവിഡ് ഒഴിഞ്ഞതിനു പിന്നാലെ ബിസിനസ് സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാരെ വീണ്ടും തൊഴിലിടങ്ങളിലേയ്ക്ക് കൊണ്ടുവരികയാണെന്നും മാറിയ സാഹചര്യത്തില്‍ കോവര്‍ക്കിംഗ് സംസ്‌കാരം കൂടുതല്‍ വളര്‍ച്ച നേടുകയാണെന്നും ജെയിംസ് തോമസ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഓഫീസുകളും വര്‍ക്ക് സ്‌പേസും ഏളുപ്പത്തിലും ബുദ്ധിമുട്ടുകളില്ലാതെയും ആരംഭിക്കാന്‍ കോവര്‍ക്കിംഗ് സ്‌പേസുകള്‍ സൗകര്യമൊരുക്കുന്നു.

സാധാരണ ഓഫീസുകളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവില്‍ ഗണ്യമായ കുറവു വരുത്താമെന്നതും കോവര്‍ക്കിംഗ് സ്‌പേസിന്റെ ആകര്‍ഷണീയതയാണ്. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ജോലി ചെയ്യുന്ന ടീമിന്റെ സൈസ് എളുപ്പത്തില്‍ വലുതോ ചെറുതോ ആക്കാമെന്നതുള്‍പ്പെടെയുള്ള വഴക്കവും എടുത്തു പറയേണ്ടതാണ്. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ സാന്നിധ്യമുള്ള വലിയ കമ്പനികള്‍ക്ക് കോവര്‍ക്കിംഗ് സ്പേസിലൂടെ ചെറിയ പട്ടണങ്ങളിലേയ്ക്ക് പെട്ടെന്നു തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്ന സൗകര്യവുമുണ്ട്. കമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍കുതിപ്പു നല്‍കാന്‍ പോന്നതാണ് കോവര്‍ക്കിംഗ് മേഖലയുടെ വളര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. സമീപഭാവിയില്‍ത്തന്നെ കേരളത്തില്‍ സ്പേസ് വണ്‍ ഉള്‍പ്പെടെയുള്ള വിവിധ കമ്പനികള്‍ ലഭ്യമാക്കുന്ന കോവര്‍ക്കിംഗ് സ്പേസില്‍ ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നതെന്നും കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ഇത് വന്‍പിന്തുണയാകുമെന്നും ജെയിംസ് തോമസ് പറഞ്ഞു.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!