
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തോട്ടുംമുഖം, മഹിളാലയം ഭാഗത്ത് കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി.

മഹിളാലയം പാലത്തിന് സമീപം മത്സ്യവില്പനയും പച്ചക്കറി വില്‍പനയുമടക്കമുള്ള വ്യാപാരങ്ങള്‍ നടക്കുന്നതിന്റെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. അല്ലാത്തവര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തി പിഴ ഈടാക്കും. നാല് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, ജലപരിശോധന റിപ്പോര്‍ട്ട് ഇല്ലാതിരിക്കുക, അടുക്കള വൃത്തിഹീനമായി കിടക്കുക, പുകയില രഹിത സ്ഥലം, ഇവിടെ പുകവലി ശിക്ഷാര്‍ഹം ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക, ഫ്രീസറില്‍ നിയമാനുസൃതമല്ലാതെ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ വിവിധയിനം കാരണങ്ങള്‍ക്കാണ് പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നല്‍കിയത്. പുകവലി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിന് നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി.


വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുവാന്‍ പാടുള്ളതല്ല. പുകയില ഉത്പണങ്ങള്‍ വില്‍ക്കുന്ന മറ്റ് സ്ഥാപനങ്ങളില്‍ പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം.
മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും പുകയില രഹിതസ്ഥലം ഇവിടെ പുകവലി ശിക്ഷാര്‍ഹം എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് അറിയിച്ചു. അല്ലാത്തവര്‍ക്കെതിരെ കോട്പ നിയമപ്രകാരം പിഴ ഈടാക്കും. കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് എസ് രേഖ, കെ ബി സബ്ന, എസ് സ്റ്റെഫി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

