വി ഐ പി ഡ്യൂട്ടിക്ക് പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വീണ്ടും നിയമസഭയില്‍

Web Desk
1 Min Read

ആലുവ: കൊച്ചി എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും എയര്‍പോര്‍ട്ടില്‍ നിരന്തരം പല വി ഐ പികളും വരുന്നുണ്ടെന്നും ഇതില്‍ മുഖ്യമന്ത്രി, കേരള, ബംഗാള്‍, ഗോവ ഗവര്‍ണര്‍മാര്‍ മുതലായവര്‍ സ്ഥിരമായി ആലുവ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നതെന്നും ഇവര്‍ക്കാവശ്യമായ വി ഐ പി സുരക്ഷ ഒരുക്കേണ്ടത് ആലുവ, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ ഡിവൈഎസ്പി, സിഐ, എസ്‌ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.

city exchange

ഇങ്ങനെ ഉദ്യോഗസ്ഥര്‍ വി ഐ പി ഡ്യൂട്ടിക്ക് പോകുന്നതുകൊണ്ട് ആ സമയത്ത് ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ പല ജോലികളും യഥാവിധി ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നും അതുകൊണ്ട് ഇങ്ങനെയുള്ള വി ഐ പി ഡ്യൂട്ടിക്കായി പ്രത്യേക ടീമിനെ നിയമിക്കുവാന്‍ സാധിക്കുമോ എന്നും ഈ വിഷയം നേരത്തേ നേരിട്ട് ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണെന്നും എം എല്‍ എ മുഖ്യമന്ത്രിയോട് പറഞ്ഞു.

ഈ വിഷയം എം എല്‍ എ നേരത്തേ ഉന്നയിച്ചിട്ടുള്ളതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഈ വിഷയം സംസാരിച്ചതാണെന്നും ഇങ്ങനെ ഒരു പ്രശ്‌നമോ വിഷയമോ ഇല്ല എന്നാണ് അവര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി മറുപടി നല്കി. എം എല്‍ എ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും റിപ്പോര്‍ട്ട് തേടാമെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണെന്നാണ് മനസ്സിലാകുന്നതെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ഡിവൈഎസ്പിയോടും ഡ്യൂട്ടി ചെയ്യുന്ന മറ്റുദ്യോഗസ്ഥരോടും റിപ്പോര്‍ട്ടു തേടിയിരുന്നെങ്കില്‍ ഇങ്ങനെയൊരു മറുപടി മുഖ്യമന്ത്രിക്ക് പറയുവാന്‍ സാധിക്കുമായിരുന്നില്ലെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. എന്നിരുന്നാലും വീണ്ടും ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുതേടാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുന്നു എന്നും എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!