അറബ് കവയത്രികളുടെ കവിതകളില്‍ പഠന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് മലയാളി

Web Desk
2 Min Read

കാസര്‍കോട്: അറബ് കവയത്രികളുടെ കവിതകളില്‍ പഠനം നടത്തി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു ശ്രദ്ധേയനായി മലയാളി. കാസര്‍കോട് ദേളി സഅദിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കളനാട്ടെ ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് അറബ് വനിതകളുടെ കവിതകളില്‍ നിരവധി ഗവേഷണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്.

city exchange

അറബ് ലോകത്തും ഇന്ത്യയിലും സാഹിത്യരംഗത്ത് തരംഗങ്ങള്‍ സൃഷ്ടിച്ച ഈ പുസ്തകങ്ങള്‍ അറബ് വനിതകളുടെ കവിതയുടെ വികാസത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളാണ് നല്‍കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വനിതകളുടെ കവിതകള്‍ സാഹിത്യത്തിന് വലിയ സമ്പത്താണെന്ന് വ്യക്തമാക്കുന്ന ഈ പുസ്തകങ്ങള്‍ കവിതകളിലൂടെ അവര്‍ തങ്ങളുടെ സമൂഹത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും എങ്ങനെ പ്രതിപാദിച്ചുവെന്നും അടിവരയിടുന്നു.

ഗള്‍ഫ് രാജ്യങ്ങളിലെ സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലത്തില്‍ വനിതകള്‍ എഴുതുന്ന കവിതകള്‍ക്കുള്ള പ്രത്യേകതകളെക്കുറിച്ചും അവരുടെ കവിതകള്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഈ പുസ്തകങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു.

സാമൂഹിക, സാംസ്‌കാരിക പരിവര്‍ത്തനങ്ങളുമായി അവരുടെ കവിതകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര്‍ എങ്ങനെ തങ്ങളുടെ ആശങ്കകളും ആഗ്രഹങ്ങളും കവിതകളിലൂടെ പ്രകടിപ്പിക്കുന്നുവെന്നും പുസ്തകം വിശദീകരിക്കുന്നു.

- Advertisement -
Ad image

ഇസ്‌ലാമിന് മുമ്പുള്ള കാലഘട്ടം മുതല്‍ ആധുനിക കാലം വരെയുള്ള അറബ് വനിതകളുടെ കവിതയുടെ ചരിത്രത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനമാണ് മറ്റൊരു പുസ്തകം. വിവിധ കാലഘട്ടങ്ങളിലെ കവയത്രികളുടെ പങ്ക്, അവരുടെ കവിതകളുടെ സ്വാധീനം എന്നിവയെക്കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നു. ‘അറബ് ലോകത്ത് നിന്നുള്ള വനിതാ കവയത്രികള്‍, ഭാഗം ഒന്ന്’, എന്ന കൃതിയിലൂടെ അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖ കവയത്രികളുടെ ജീവിതവും കൃതികളും വിശദമായി വിവരിക്കുന്നു.

വിവിധ അറബ് മാധ്യങ്ങള്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ ഇന്ത്യയ്ക്കും അറബ് ലോകത്തിനും ഇടയിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുവെന്ന് അറബിക് മാധ്യമങ്ങള്‍ എടുത്തുകാണിച്ചു.

നേരത്തെ സ്വലാഹുദ്ദീന്‍ അയ്യൂബി അറബിക് സാഹിത്യത്തില്‍ ജി സി സി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള പഠനത്തിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയിലും ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. യു ജി സി നെറ്റ് യോഗ്യതയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ഓര്‍ഫനേജ് അറബിക് കോളജില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വലാഹുദ്ദീന്‍ അയ്യൂബി സാമൂഹിക- മത രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. എസ്വൈ എസ് ഉദുമ സോണ്‍ മുന്‍ സെക്രട്ടറി, എസ്എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ പാലത്തുങ്കര അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍- നഫീസ ദമ്പതികളുടെ മകനാണ്.

Share This Article
Leave a Comment
error: Content is protected !!