

കോഴിക്കോട്: കേരളാ പൊലിസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമില്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്റ് കേഡറ്റ് യൂണിഫോം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ വാട്സാപ്പിലെ സ്‌കൂള്‍ ഗ്രൂപ്പിലേക്ക് അയക്കാന്‍ കുട്ടിയോട് അധ്യാപകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷര്‍ട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും അനുവദിക്കാനാകില്ലെന്നും നിഷ്‌കര്‍ഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും മതപരമായ വസ്ത്രം താന്‍ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താന്‍ ഹനിക്കുന്നില്ലെന്നും കുട്ടി ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ കുട്ടികളില്‍ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളര്‍ത്താനായി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ എന്തിനേക്കാള്‍ പ്രാധാന്യം രാജ്യത്തിനാണെന്നും ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു. കേരളാ പൊലീസില്‍ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എന്‍ സി സി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയില്‍ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കാറില്ല.
കാക്കി പാന്റ്, കാക്കി ഷര്‍ട്ട്, കറുത്ത ഷൂ, കാക്കി സോക്സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. മാത്രമല്ല, പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതല്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളാണ് എസ് പി സിയിലുള്ളത്. അവിടെ ഇതുവരെ മതപരമായ ചിഹ്നങ്ങള്‍ അനുവദിച്ചിട്ടില്ല. നിലവില്‍ എസ് പി സിയില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതില്‍ 50 ശതമാനം പേരും പെണ്‍കുട്ടികളാണ്. ഇതില്‍ മതം വേര്‍തിരിച്ച് എത്ര പെണ്‍കുട്ടികളുണ്ട് എന്ന് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെണ്‍കുട്ടികള്‍ മുസ്‌ലിം സമുദായത്തില്‍ നിന്നായിരുന്നു എന്നാണ് കണക്കുകൂട്ടല്‍. ഇതുവരെ അതിലൊരാള്‍ പോലും മതപരമായ ചിഹ്നങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

