
ആലുവ: എടത്തല വ്യവസായ മേഖലയുടെ സമീപമുള്ള എടത്തല പേങ്ങാട്ടുശ്ശേരി റോഡിലെ പെരിയാര്‍ വാലി ഇറിഗേഷന്‍ കനാലിനു കുറുകെ വാഹനഗതാഗത സൗകര്യത്തിനായി പുതിയ കനാല്‍ പാലം നിര്‍മ്മിക്കുന്നതിനായി 1.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. എന്നാല്‍ അപ്രോച്ച് റോഡിന് വീതിയില്ലാത്ത സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങുവാന്‍ സാധിക്കാതെ നീണ്ടുപോകുകയായിരുന്നു.

അപ്രോച്ച് റോഡ് വീതിക്കൂട്ടുന്നതിനായി പി വി ഐ പി കനാല്‍ വകുപ്പിന്റെ അധീനതയിലുള്ള 5 സെന്റ് സ്ഥലം വിട്ടുകിട്ടുന്നതിനായി അന്‍വര്‍ സാദത്ത് എം എല്‍ എ നടത്തിയ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി പി വി ഐ പിയില്‍ നിന്നും 5 സെന്റ് സ്ഥലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി എം എല്‍ എ അറിയിച്ചു.

സ്ഥലം അനുവദിച്ചു കിട്ടിയ സാഹചര്യത്തില്‍ കനാല്‍ പാലം പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് എം എല്‍ എ പറഞ്ഞു.
