
സിയോള്‍: അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ചിരുന്ന ടെര്‍മിനല്‍ ഹൈ ആറ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (താഡ്) ആണ് മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നതെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ദക്ഷിണ കൊറിയന്‍ വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോര്‍ദാനില്‍ സ്ഥാപിച്ചിരുന്ന താഡ് സംവിധാനത്തിന്റെ പ്രധാന റഡാര്‍ ഇറാന്‍ ആക്രമണത്തില്‍ നശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് പുതിയ നീക്കം പുറത്തുവന്നത്.

ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ 2017-ലാണ് താഡ് സംവിധാനം യു എസ് ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിലാണ് താഡ് സംവിധാനത്തിന്റെ ചില ഭാഗങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുകയാണെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
ഉയര്‍ന്ന ഉയരത്തില്‍ പറക്കുന്ന മിസൈലുകള്‍ തടയാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സംവിധാനമായതിനാല്‍ താഡ് അമേരിക്കയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ കമ്പനിയായ ലൊക്കീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ആറു ലോഞ്ചറുകളും ഓരോന്നിലും എട്ട് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉള്‍പ്പെടുന്നു. കൂടാതെ ലക്ഷ്യങ്ങളെ കണ്ടെത്താന്‍ ശക്തമായ റഡാര്‍ സംവിധാനവും ഇതിലുണ്ട്.
‘ഹിറ്റ്-ടു-കില്‍’ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയതും ഇടത്തരം ദൂരമുള്ളതുമായ ബാലിസ്റ്റിക് മിസൈലുകള്‍ ഇത് തകര്‍ക്കാന്‍ കഴിയും. വലിയ ഉയരത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തു പോലും മിസൈലുകള്‍ നശിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. അതുകൊണ്ട് ആണവ വോര്‍ഹെഡ് പോലും തടയാന്‍ ഇതിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ഏകദേശം ഒരു ബില്യണ്‍ ഡോളറാണ് ഒരു താഡ് ബാറ്ററിയുടെ വില. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഏകദേശം 100 സൈനികരും ആവശ്യമുണ്ട്. ലോകമെമ്പാടും അമേരിക്കയ്ക്ക് ഇത്തരം എട്ട് സംവിധാനങ്ങളാണ് ഉള്ളത്. ഇവയില്‍ രണ്ടെണ്ണം ജോര്‍ദാനിലും ഇസ്രായേലിലുമാണുള്ളത്.

