
ദോഹ: നൂതനാശയങ്ങള്‍, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങള്‍ക്കും ആശയവിനിമയത്തിനും വേദിയൊരുക്കിയ ഖത്തര്‍ ഫൗണ്ടേഷന്റെ ബില്‍അറബി വാര്‍ഷിക സംഗമത്തിന്റെ രണ്ടാം പതിപ്പിന് സമാപനമായി. 1,600 പേര്‍ പങ്കെടുത്ത സംഗമത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ നിര്‍മാണം, സംരംഭകത്വ മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കല്‍, സമൂഹങ്ങളുടെ അറിവും അനുഭവങ്ങളും സമാധാന നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

ഖത്തര്‍ ഫൗണ്ടേഷന്റെ ബില്‍അറബി സംരംഭത്തിന്റെ നേതൃത്വത്തില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്റര്‍ മുല്‍തഖയില്‍ നടന്ന സംഗമത്തിന്റെ പ്രമേയം ‘നമ്മുടെ ആശയങ്ങളിലൂടെ നാം നിര്‍മിക്കുന്നു’ എന്നതായിരുന്നു. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാത്തര്‍ രണ്ടാം ദിവസത്തെ പരിപാടികളില്‍ പങ്കെടുത്തു. പങ്കാളികളുടെ പവിലിയനുകളും സന്ദര്‍ശിച്ചു.

പ്രധാന വേദിയിലെ പ്രഭാഷണങ്ങള്‍, ആശയാന്വേഷണ സെഷനുകള്‍, ശില്‍പശാലകള്‍, സംവേദനാത്മക ഇടങ്ങള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി ഒരുക്കി. അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവ പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും ഇതിലൂടെ പങ്കാളികള്‍ക്ക് അവസരം ലഭിച്ചു.
‘സ്വയം വിലകുറച്ചുകാണരുത്’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ അപ്സ്‌ക്രോള്‍ഡിന്റെ സ്ഥാപകനും സി ഇ ഒയുമായ ഇസ്സാം ഹിജാസി ഉപയോക്താക്കള്‍ക്ക് തങ്ങള്‍ പിന്തുടരുന്ന ഉള്ളടക്കത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്ന പ്ലാറ്റ്ഫോം രൂപപ്പെടുത്തിയ അനുഭവങ്ങള്‍ പങ്കുവച്ചു. പോസ്റ്റുകള്‍ കാലക്രമത്തില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി, ആളുകള്‍ക്ക് സ്വന്തം കഥകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ഇടം സൃഷ്ടിക്കുകയെന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
‘തുടക്കത്തില്‍ മറ്റെവിടെയെങ്കിലും എന്നെത്തന്നെ കണ്ടെത്താനായിരുന്നു ശ്രമം. എന്നാല്‍ ഇന്ന്, നമ്മള്‍ ആരാണെന്ന് പ്രതിഫലിപ്പിക്കുന്ന ഒരിടം നിര്‍മിക്കാനുള്ള ധൈര്യമാണ് യഥാര്‍ഥ ധൈര്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
മധ്യസ്ഥവിദഗ്ധ സഹ്റ ലംഘി, സംഘര്‍ഷബാധിത സമൂഹങ്ങളുടെ അനുഭവങ്ങള്‍ മനസ്സിലാക്കുകയും അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും ചെയ്തുകൊണ്ടായിരിക്കണം സമാധാന ശ്രമങ്ങള്‍ മുന്നോട്ടുപോകേണ്ടതെന്ന് വ്യക്തമാക്കി.
‘സമാധാനത്തിന്റെ കഥ പറയുന്നത് ആര്?’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ യമനിലെ പ്രവര്‍ത്തനാനുഭവങ്ങള്‍ അവര്‍ പങ്കുവച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ അമ്മമാരുടെ അനുഭവങ്ങളും തടവുകാരുടെ കൈമാറ്റത്തില്‍ അവര്‍ വഹിച്ച പങ്കും വിശദീകരിച്ചു. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരിക മുറിവുകള്‍ സുഖപ്പെടുത്തുന്നതിനും വിശ്വാസവും പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ശതകോടികളുടെ മൂല്യമുള്ള കമ്പനികളെക്കുറിച്ച് നിങ്ങളോട് പറയാത്ത കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ സ്‌നൂനു സ്ഥാപകനും സി ഇ ഒയുമായ ഹമദ് മുബാറക് അല്‍ ഹജ്രി സംസാരിച്ചു. ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതായി അറിയിച്ചുകൊണ്ടുള്ള കത്താണ് തന്റെ സംരംഭത്തിന്റെ തുടക്കമായതെന്ന് അദ്ദേഹം പറഞ്ഞു.
ധനസമാഹരണ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ശമ്പളം കുറയ്ക്കുന്നതിനുപകരം കമ്പനിയില്‍ ഓഹരി സ്വീകരിക്കാന്‍ സമ്മതിച്ച ടീം അംഗങ്ങളുടെ പിന്തുണയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. വിശ്വാസം, കൂട്ടായ ഉത്തരവാദിത്തം, പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്നവരോടുള്ള വിശ്വസ്തത എന്നിവയാണ് സംരംഭത്തിന്റെ വിജയത്തിന് അടിത്തറയായതെന്നും അദ്ദേഹം പറഞ്ഞു.
ബില്‍അറബി ഓപ്പണ്‍ ട്രാന്‍സ്ലേഷന്‍ പ്രോജക്ടിന്റെ ശില്‍പശാലയില്‍, വിവിധ ഭാഷകളിലൂടെ അറബി ഉള്ളടക്കം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് ബില്‍അറബി ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ദഫാ- അല്ല വിശദീകരിച്ചു.
മള്‍ട്ടിമീഡിയ സൂപ്പര്‍വൈസറും വിവര്‍ത്തകനുമായ മുസാബ് മസ്രി കവിതകള്‍ ഉള്‍പ്പെടെയുള്ള രചനകള്‍ വിവര്‍ത്തനം ചെയ്ത അനുഭവങ്ങള്‍ പങ്കുവച്ചു. മൂലരചനയുടെ സൗന്ദര്യവും ലക്ഷ്യഭാഷയിലെ വ്യക്തതയും ഒരുപോലെ നിലനിര്‍ത്തിക്കൊണ്ട് അര്‍ഥത്തിനും ഭാഷയുടെ സ്വാഭാവിക ഒഴുക്കിനും മുന്‍ഗണന നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വിവര്‍ത്തനത്തിലും എഡിറ്റിങ്ങിലും പങ്കെടുത്തവര്‍ അനുഭവങ്ങള്‍ കൈമാറി. പദ്ധതിയുടെ ശൈലീപുസ്തകം വികസിപ്പിക്കുന്നതും പദാവലി സമാഹാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും ചര്‍ച്ചയായി. പരിചയസമ്പന്നരായ വിവര്‍ത്തകര്‍ പുതുതായി എത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ‘ട്രാന്‍സ്ലേഷന്‍ ബഡി’ പദ്ധതിയും നിര്‍ദേശിച്ചു. വിവര്‍ത്തനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പദ്ധതിയില്‍ തുടര്‍ച്ചയായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നിര്‍ദേശം.
സംഗമത്തിന്റെ അവസാനദിന പരിപാടിയില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ഖിയാദ കോണ്‍ഫറന്‍സ് അവതരിപ്പിച്ച ‘പ്രവാചകന്റെ പാത പിന്തുടര്‍ന്ന് നയിക്കുക: പ്രവാചക നേതൃത്വത്തിന്റെ സംവേദനാത്മക അനുകരണാവിഷ്‌കാരം’ എന്ന പരിപാടിയും ഉള്‍പ്പെട്ടു.
ക്വീന്‍ റാനിയ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് അവതരിപ്പിച്ച ‘റീഡ് ടു മീ’ സെഷനില്‍ അറബി ഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അല്‍ ഷര്‍ഖ് ഫോറം അവതരിപ്പിച്ച ‘ഇനിഷ്യേറ്റീവ് ആക്‌സിലറേറ്റര്‍ ലാബ്’ ആശയങ്ങളെ പ്രവര്‍ത്തനങ്ങളാക്കി മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
്അറബി ഭാഷയെ സേവിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ഖത്തര്‍ മീഡിയ കോര്‍പറേഷന്റെ ഔദ്യോഗിക വക്താവ് അലി ഈസ സംസാരിച്ചു. ‘മാധ്യമങ്ങളില്‍ അറബി ഭാഷയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും അതിന്റെ ഉപയോഗം വിപുലീകരിക്കുകയും വിവിധ വിജ്ഞാന മേഖലകളിലും തൊഴില്‍മേഖലകളിലും ഭാഷയെ പിന്തുണയ്ക്കുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങളോടുള്ള ഖത്തര്‍ മീഡിയ കോര്‍പറേഷന്റെ പ്രതിബദ്ധതയാണ് ബില്‍അറബി വാര്‍ഷിക സംഗമവുമായുള്ള ഞങ്ങളുടെ മാധ്യമ പങ്കാളിത്തം വ്യക്തമാക്കുന്നത്.
‘ഈ ശ്രമങ്ങളുടെ ഭാഗമാണ് മീഡിയ എന്‍സൈക്ലോപീഡിയ. അറബി ഭാഷയിലെ മാധ്യമ ആശയങ്ങളും സാങ്കേതിക പദങ്ങളും രേഖപ്പെടുത്തി അക്കാദമിക ചട്ടക്കൂടില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പദ്ധതിയാണിത്. മാധ്യമപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ഈ മേഖലയോട് താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും പ്രത്യേക റഫറന്‍സ് ഗ്രന്ഥമായി ഇത് പ്രയോജനപ്പെടും.
‘അറബി മാധ്യമ ഉള്ളടക്കം സമ്പന്നമാക്കുകയും ഭാഷയെ സേവിക്കുകയും ചെയ്യുന്ന സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ ഖത്തര്‍ മീഡിയ കോര്‍പറേഷന്‍ പ്രതിജ്ഞാബദ്ധമാണ്. സംഗമത്തില്‍ മാധ്യമ പങ്കാളിയായി പങ്കെടുക്കുന്നതിലൂടെ പൊതുജനങ്ങളുമായി ഇടപഴകാനും ഞങ്ങളുടെ മാധ്യമ- വിജ്ഞാന പദ്ധതികള്‍ പരിചയപ്പെടുത്താനും അവസരം ലഭിക്കുന്നു.
‘ബന്ധപ്പെട്ട സംരംഭങ്ങളില്‍ നേരിട്ടുള്ള പങ്കാളിത്തവും മാധ്യമ കവറേജും ഈ ശ്രമങ്ങളുടെ ഭാഗമാണ്. അറബി മാധ്യമ സാങ്കേതിക പദങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും വിജ്ഞാനത്തിലും തൊഴില്‍രീതികളിലും ഉണ്ടാകുന്ന പുരോഗതിക്കൊപ്പം മുന്നേറുന്ന അറബി ഉള്ളടക്കം വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും.’
ദമസ്‌കസ്, അമ്മാന്‍, ജര്‍ബ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ‘ബില്‍അറബിഫീ…’ പരിപാടികളുടെ വീഡിയോ അവതരണവും സംഗമത്തില്‍ നടന്നു. സ്വന്തം നഗരങ്ങളില്‍ പരിപാടി സംഘടിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്കുള്ള ക്ഷണവും ഇതോടൊപ്പം നല്‍കി.
പ്രാദേശികവും മേഖലാതലത്തിലുമുള്ള പങ്കാളികള്‍ക്ക് സ്വന്തം സമൂഹങ്ങളിലെ ആശയങ്ങളും അനുഭവങ്ങളും അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ പരിപാടികള്‍. അറബി ഭാഷയില്‍ സംവാദവും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷം മുഴുവന്‍ നടത്തുന്ന ബില്‍അറബി സംരംഭത്തിന്റെ ഭാഗമാണിത്.
സമാപനച്ചടങ്ങില്‍ സംഗമത്തിന്റെ പങ്കാളികളെയും ആദരിച്ചു. കായിക- യുവജന മന്ത്രാലയം, ഖത്തര്‍ മീഡിയ കോര്‍പറേഷന്‍, ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാല, ഖത്തര്‍ ഡിബേറ്റ്, ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍, ഖിയാദ, സിറാജ്, അല്‍ ഷര്‍ഖ് ഫോറം, ഫദാഅത്ത് മീഡിയ, ക്വീന്‍ റാനിയ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് ആന്‍ഡ് അസസ്മെന്റ്, ഖത്തര്‍ റീഡ്സ്, സൗത്ത് മീഡിയ എന്നിവയായിരുന്നു പങ്കാളികള്‍. ഖത്തര്‍ എയര്‍വേയ്സും വിസിറ്റ് ഖത്തറും പരിപാടിക്ക് പിന്തുണ നല്‍കി.

