
കോഴിക്കോട്: മുന്നണിയിലെ ഘടകകക്ഷികള്‍ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗും (ഐ എന്‍ എല്‍) സംഘടനാ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും ശക്തവുമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

ദേശീയ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം 22ന് കോഴിക്കോട് സെക്രട്ടറിയേറ്റ് യോഗം ചേരും. സംഘടന നേരിടുന്ന വിവിധ പ്രശ്‌നങ്ങളും നിലവിലുള്ള ദൗര്‍ബല്യങ്ങളും വിശദമായി പരിശോധിക്കുന്നതിന്റെ മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, അനുഭാവികള്‍ എന്നിവരില്‍നിന്നും സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി സ്വതന്ത്രമായ അഭിപ്രായ സ്വരുപണവും നിര്‍ദ്ദേശങ്ങളും സമാഹരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് തിരുത്തല്‍ നടപടികളും പ്രവര്‍ത്തന രേഖയും സെക്രട്ടറിയേറ്റ് തയ്യാറാക്കും. ശേഷം വിശാല പ്രവര്‍ത്തകസമിതി ചേര്‍ന്ന് അന്തിമ പ്രവര്‍ത്തന രേഖ തയ്യാറാക്കും.

സംഘടനയുടെ മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെയുള്ള പ്രവര്‍ത്തന സംവിധാനങ്ങള്‍ വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ രൂപപ്പെടുത്തും. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവവും ഏകോപിതവും കാര്യക്ഷമവുമാക്കി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കും യോഗം രൂപം നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
