അല്‍ ഷമാലിലെ ഹൗത്താന്‍ പുല്‍മേട് പുനരുദ്ധരിക്കാന്‍ പരിസ്ഥിതി മന്ത്രാലയം

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രകൃതിദത്ത സസ്യാവരണം വര്‍ധിപ്പിക്കുന്നതിനും ജൈവവൈവിധ്യവും കരഭൂമിയിലെ ആവാസവ്യവസ്ഥകളും സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍ ഷമാലിലെ ഹൗത്താന്‍ പുല്‍മേട് പുനരുദ്ധരിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപടി ആരംഭിച്ചു.

city exchange

മന്ത്രാലയത്തിനു കീഴിലെ വന്യജീവി വികസന വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പുല്‍മേട് പുനരുദ്ധാരണ പരിപാടി. ഖത്തറിലെ പുല്‍മേടുകള്‍ പുനരുജ്ജീവിപ്പിക്കുകയും പ്രകൃതിദത്ത സസ്യാവരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായ വന്യസസ്യങ്ങളുടെ 300 തൈകള്‍ നട്ടുപിടിപ്പിച്ചു. പ്രദേശത്തിന്റെ പ്രകൃതിദത്ത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സസ്യങ്ങളുടെ ഏകദേശം 5,000 വിത്തുകളും വിതച്ചു. സസ്യസാന്ദ്രത വര്‍ധിപ്പിക്കുക, സ്വാഭാവിക പുനരുത്പാദനം പ്രോത്സാഹിപ്പിക്കുക, പുല്‍മേടിന്റെ മൊത്തത്തിലുള്ള പാരിസ്ഥിതികാവസ്ഥ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങള്‍. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു.

വന്യജീവി വികസന വിഭാഗത്തിലെ സസ്യ വന്യജീവി വിഭാഗം മേധാവി ആദില്‍ മുഹമ്മദ് അല്‍ യാഫിഇ പറഞ്ഞു. പുല്‍മേടുകള്‍ പുനരുദ്ധരിക്കുന്നതിനും അവിടങ്ങളിലെ സസ്യാവരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഫീല്‍ഡ് പദ്ധതികളും പ്രവര്‍ത്തനങ്ങളും മന്ത്രാലയം മുന്നോട്ടുകൊണ്ടുപോകുകയാണ്.

- Advertisement -
Ad image

കരഭൂമിയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനുമുള്ള ദേശീയ പ്രവര്‍ത്തനങ്ങളില്‍ തൈകള്‍ നടുന്നതും വിത്തുകള്‍ വിതയ്ക്കുന്നതും പ്രധാന ഘടകങ്ങളാണ്. തദ്ദേശീയ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുകയും വിത്തുകള്‍ വിതയ്ക്കുകയും ചെയ്യുന്നത് സ്വാഭാവിക ആവാസവ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പാരിസ്ഥിതിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ പ്രദേശത്തിന്റെയും പ്രകൃതിദത്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സസ്യവര്‍ഗങ്ങളെ തെരഞ്ഞെടുക്കുന്നത് പുനരുദ്ധാരണ പദ്ധതികളുടെ വിജയത്തിനും ദീര്‍ഘകാല ഫലപ്രാപ്തി ഉറപ്പാക്കുന്നതിനും നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തറിന്റെ കരഭൂമി പരിസ്ഥിതിയുടെ അടിസ്ഥാന ഘടകമായ പുല്‍മേടുകള്‍ക്ക് മന്ത്രാലയം ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും വന്യജീവികളെ സംരക്ഷിക്കുന്നതിലും പുല്‍മേടുകള്‍ക്ക് പ്രധാന പങ്കുണ്ട്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സമാനമായ പദ്ധതികള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തുടനീളമുള്ള പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുകയും കരഭൂമിയിലെ പരിസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നടപ്പാക്കുന്ന വിവിധ ഫീല്‍ഡ് പദ്ധതികളുടെ ഭാഗമാണ് ഹൗത്താന്‍ പുല്‍മേട് പുനരുദ്ധാരണ പരിപാടി.

Share This Article
Leave a Comment
error: Content is protected !!