സംഗീത ലോകത്തെ തമ്പുരാനെ കാണാന്‍ കച്ചവട ലോകത്തെ വേറിട്ട സുല്‍ത്താനെത്തിയപ്പോള്‍

Web Desk
2 Min Read

കോഴിക്കോട്: അധികം കൂട്ടിമുട്ടാത്ത വ്യത്യസ്തമായ രണ്ട് മേഖലകളില്‍ തങ്ങളുടേതായ ഏറെ സംഭാവനകള്‍ നല്കി ഭാരതത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീക്ക് അര്‍ഹരായ രണ്ടു പേര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും എം എ യൂസുഫലിയും വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിക്കുവാനായി വീണ്ടും കൂടിചേര്‍ന്നപ്പോള്‍ അത് അപൂര്‍വമായ സംഗമങ്ങളിലൊന്നായി മാറി.

city exchange

തിരുവണ്ണൂരിലെ കാരുണ്യം വീട് അങ്ങനെ മറ്റൊരു അപ്രതീക്ഷിത കാഴ്ചക്ക് കൂടി വേദിയായി. തിരക്കുകള്‍ക്കിടയിലും കോഴിക്കോടെത്തിയ ഉടനെ ആദ്യം ആഗ്രഹിച്ചതും തന്റെ പ്രിയമിത്രത്തെ കാണുവാന്‍ തന്നെയായിരുന്നു. അതിഥിയായെത്തിയ ഭാരതത്തിലെ കച്ചവട ലോകത്തെ സുല്‍ത്താനെ വരികള്‍ കൊണ്ടും ശബ്ദം കൊണ്ടും ദൈവം അനുഗ്രഹിച്ച കൈതപ്രം സ്വീകരിച്ചു.

കുറെക്കാലത്തിനു ശേഷം കണ്ടപ്പോഴുള്ള ഉപചാര വാക്കുകള്‍ക്ക് ശേഷം, താന്‍ രചിച്ച ലുലുവിനുള്ള സ്വാഗതം ഗാനം കേള്‍ക്കുവാന്‍ യൂസുഫലിയെ കൈതപ്രം ക്ഷണിച്ചു. കൈതപ്രത്തിന്റെ ശിഷ്യര്‍ അത് ഏറ്റുപാടിയത് മനംനിറഞ്ഞ് കേട്ടിരുന്നുശേഷം എം എ യൂസഫലി.

പിന്നാലെ തനിക്ക് ഇഷ്ടപ്പെട്ടവരെ കാണുവാന്‍ പോകുമ്പോള്‍ കരുതാറുള്ളതുപോലെ പ്രിയസുഹൃത്തിന് കൈയ്യില്‍ കരുതിയ മുത്ത് പതിച്ച സഫ്ടിക ശില്‍പ്പം അദ്ദേഹം സമ്മാനിച്ചു. കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന തിരക്കുകള്‍ക്കിടയിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വീട് എം എ യൂസഫലി സന്ദര്‍ശിച്ചത്. മികച്ച സുഹൃദ്ബന്ധമാണ് ഇരുവരും സൂക്ഷിക്കുന്നത്. പ്രായത്തില്‍ അനുജനാണെങ്കിലും സ്‌നേഹവും ബഹുമാനവും കൊണ്ട് ഇക്കയെന്നാണ് യൂസഫലിയെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിളിച്ചത്.

- Advertisement -
Ad image

കോഴിക്കോട് എത്തിയ ഉടനെ തന്നെ നേരില്‍ കാണാന്‍ യൂസഫലി എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ലുലു കോഴിക്കോട് തുറക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ സ്വന്തം കുടുംബത്തില്‍ ഒരു വലിയ സന്തോഷം നടക്കുവാന്‍ പോകുന്നതു പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് കൈതപ്രം കൂട്ടിചേര്‍ത്തു. ഭൗതികമായ എല്ലാ അനുഗ്രഹങ്ങളും ലോക നിയന്താവ് വാരിക്കോരി നല്കിയപ്പോഴും അത് തിരിച്ചറിഞ്ഞ് എല്ലാ ആ നാഥന്റേതാണെന്ന തിരിച്ചറിവ് കൈവിടാത്ത വലിയ മതേതര ബോധമുള്ള വ്യക്തിത്വമാണ് എം എ യൂസഫലിയെന്ന് കൈതപ്രം പറഞ്ഞു.

പ്രിയസുഹൃത്തിന് പരിശുദ്ധമായ മുത്താണ് എം എ യൂസഫലി സമ്മാനിച്ചത്. മഴനീര്‍ തുള്ളിയെ മുത്തായി മാറ്റും നന്മണിചിപ്പിയെ പോലെ എന്ന തന്റെ ഗാനം ഉപമിച്ചാണ് കൈതപ്രം നമ്പൂതിരി സുഹൃത്തിന്റെ സമ്മാനം ഏറ്റുവാങ്ങിയത്.

മഴത്തുള്ളിയുടെ തപസ് പോലെ യൂസഫലിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ് ലുലുവിന്റെ വിജയമെന്നും സമ്മാനം അലമാരയില്‍ മാത്രമല്ല എന്റെ ഹൃദയത്തില്‍ കൂടി സൂക്ഷിക്കുമെന്നും സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് കൈതപ്രം നമ്പൂതിരി സന്തോഷാശ്രുക്കള്‍ക്കിടയില്‍ പ്രതികരിച്ചു. ജീവിതത്തിലെ എണ്ണപ്പെട്ട നിമിഷമായി ഈ കൂടിക്കാഴ്ചയെ കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ നേരെ കൈതപ്രം നമ്പൂതിരിക്കും കുടുംബത്തിനൊപ്പം വിശേഷങ്ങള്‍ പങ്കിട്ട ശേഷമാണ് യൂസഫലി കാരുണ്യം വീട്ടില്‍ നിന്ന് മടങ്ങിയത്.

Share This Article
Leave a Comment
error: Content is protected !!