

ദോഹ: മലേഷ്യന്‍ സംസ്ഥാനമായ സെലാംഗൂറില്‍ നിക്ഷേപം നടത്താന്‍ സെലാംഗൂര്‍ രാജകുമാരന്‍ തെങ്കു സുലൈമാന്‍ ഷാ അല്‍-ഹാജ് ഖത്തറിലെ വ്യവസായികളോട് അഭ്യര്‍ഥിച്ചു. എല്ലാ മേഖലകളിലെയും അവസരങ്ങളെക്കുറിച്ച് പഠിക്കാന്‍ മലേഷ്യ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ ത്വാര്‍ അല്‍ കുവാരിയുമായി രാജകുമാരന്‍ കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തോടൊപ്പം പ്രതിനിധി സംഘവും ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്‌സ് മറിയം മസിതാഹ് അഹമ്മദ് തെര്‍മിസിയുമുണ്ടായിരുന്നു.

വിവിധ മേഖലകളിലായി സെലാംഗൂരില്‍ ലഭ്യമായ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഖത്തരി ബിസിനസ്സ് സമൂഹത്തെ അറിയിക്കുകയാണ് പ്രതിനിധി സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് യോഗത്തില്‍ സംസാരിച്ച രാജകുമാരന്‍ പറഞ്ഞു.
ഇന്‍ഫ്രാസ്ട്രക്ചര്‍, ടൂറിസം, റിന്യൂവബിള്‍ എനര്‍ജി, ടെലികമ്മ്യൂണിക്കേഷന്‍, ഫുഡ് സെക്യൂരിറ്റി, റിയല്‍ എസ്റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി 10 കമ്പനികളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.
ഖത്തര്‍ ഫ്രീ, ലോജിസ്റ്റിക് സോണുകള്‍ നല്‍കുന്ന പ്രോത്സാഹനങ്ങളും അവസരങ്ങളും ചൂണ്ടിക്കാട്ടി അല്‍ കുവാരി ഖത്തറില്‍ നിക്ഷേപം നടത്താന്‍ മലേഷ്യന്‍ കമ്പനികളോടും ആവശ്യപ്പെട്ടു. ഖത്തറിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും വിപുലമായ നിയമനിര്‍മ്മാണവും അദ്ദേഹം എടുത്തുപറഞ്ഞു.
ഖത്തറും മലേഷ്യയും തമ്മിലുള്ള വാണിജ്യ- സാമ്പത്തിക ബന്ധങ്ങള്‍, സെലാംഗൂരില്‍ ലഭ്യമായ നിക്ഷേപ അവസരങ്ങള്‍, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മലേഷ്യ പൊതുവെ നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രോത്സാഹനങ്ങള്‍ എന്നിവ യോഗം അവലോകനം ചെയ്തു.

