

കൊച്ചി: ഗോവയില്‍ നിന്ന് കടല്‍ മല്‍സ്യങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്തിരുന്ന യുവാവ് മയക്കുമരുന്നുമായി കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയില്‍. തിരുവല്ല വെണ്‍പാലം സ്വദേശി കല്ലുങ്കള്‍ കൊട്ടുരേത്ത് വീട്ടില്‍ ആഷിക് (പുഞ്ചിരി- 26) ആണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ആറ് ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

മയക്ക് മരുന്ന് കടത്ത് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമായാണ്. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഇയാളുടെ ആഡംബര കാറും രണ്ട് ഐഫോണുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മല്‍സ്യ സംസ്‌കരണം നടത്തി കയറ്റുമതി ചെയ്യുന്നതിന്റെ മറവില്‍ ഗോവയില്‍ നിന്ന് വന്‍ തോതില്‍ മയക്ക് മരുന്ന് കൊച്ചിയില്‍ എത്തിച്ച ശേഷം ആഢംബര കാറില്‍ കറങ്ങി നടന്ന് ഇത് എറണാകുളം ടൗണ്‍ പരിസരങ്ങളില്‍ വിറ്റഴിക്കുകയായിരുന്നു. പ്രധാനമായും വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തന്നെ സ്ഥിരതാമസമാക്കിയിരുന്ന യുവതി- യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു ലഹരി വില്‍പ്പന നടത്തിയിരുന്നത്.

എറണാകുളം ടൗണില്‍ വ്യാപകമായി മയക്ക് മരുന്ന് വില്‍പ്പന നടത്തുന്ന ആഷിക് എന്ന ആളെക്കുറിച്ച് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. കൊച്ചിയില്‍ നിന്ന് ആഡംബര കാറില്‍ രാസലഹരിയുമായി ഇയാള്‍ ഇടപ്പള്ളി ഭാഗത്തേക്ക് വരുന്നുണ്ട് എന്ന് മനസ്സിലാക്കിയ എക്‌സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം വച്ച് ആഷിക്കിനെ പിടികൂടുകയായിരുന്നു. ഇത്തരത്തിലുള്ള സിന്തറ്റിക് ഡ്രഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പിടിയിലാകുമ്പോള്‍ മാരക ലഹരിയിലായിരുന്ന ഇയാള്‍ക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാളുടെ ലഹരി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഇത് കൂടാതെ ഇയാളുടെ കെണിയില്‍ അകപ്പെട്ട യുവതി- യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരി മുക്ത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍, പി എ മാനുവല്‍, സിറ്റി മെട്രോ ഷാഡോ സി ഇ ഒ എന്‍ ഡി ടോമി, സി ഇ ഒ ടി പി ജെയിംസ്, ശരത് മോന്‍ പി എസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

