

ദോഹ: കലാകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷിക ആഘോഷം ‘കലാസമര്‍പ്പണ്‍- മേളപ്രപഞ്ചം 2025’ ഒ ടി സി മാനേജിങ് ഡയറക്ടര്‍ വി എസ് നാരായണന്‍ ഉത്ഘാടനം ചെയ്തു. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരാന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരും കൊമ്പ്, കുഴല്‍ വാദ്യക്കാരായ ധനീഷ്, മിഥുന്‍, കപില്‍, ഭവന്‍, ശ്രീഹരി തുടങ്ങിയവരും, കനല്‍ ഖത്തര്‍ കലാകാരന്മാരും ഉള്‍പ്പെടെ 50ല്‍ പരം പേര്‍ അണിനിരന്ന പാണ്ടി മേളം, ചെണ്ട വിദ്യാര്‍ഥികളുടെ ആദ്യ ബാച്ചിന്റെ പാഞ്ചാരി മേളം അരങ്ങേറ്റം, ടാക് ഖത്തര്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ നൃത്തങ്ങള്‍, ഫാഷന്‍ ഷോ, യോഗ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി.


കലാസമര്‍പ്പണ്‍ 2025 എന്ന പേരില്‍ ഫെബ്രുവരി 21ന് ഐ സി സിയില്‍ നടന്ന വാര്‍ഷികാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് പോഡാര്‍ പേള്‍ സ്‌കൂളില്‍ ചെണ്ട വിദ്യാര്‍ഥികളുടെ പാഞ്ചാരിമേളം അരങ്ങേറ്റം, പാണ്ടിമേളം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറിയത്.


ടാക് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശശിധരന്‍ പ്ലാഴി അധ്യക്ഷത വഹിച്ചു. ഭവന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം പി ഫിലിപ്പ് ടാക്‌ന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.

ടാക് ഡയറക്ടര്‍ ശ്രീനിവാസന്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, തൃശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ടാക് മനേജ്‌മെന്റ് പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍ കളരിക്കല്‍, ബാലചന്ദ്രന്‍, വിഷ്ണു, ജയാനന്ദന്‍, ടാക് ഡയറക്ടര്‍ മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു.

ടാക് ചെണ്ട അധ്യാപകരായ അനീഷ് അയ്യപ്പന്‍, രാഹുല്‍ മോഹന്‍ദാസ് എന്നിവര്‍ പാഞ്ചാരിമേളം ചിട്ടപ്പെടുത്തിയപ്പോള്‍ നൃത്താധ്യാപകരായ വിന്‍സി ഫെര്‍ണാണ്ടസ്, സുജിത് രാജന്‍ എന്നിവര്‍ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍ അണിയിച്ചൊരുക്കി. യോഗ അധ്യാപകന്‍ പൃഥ്വിരാജും സംഘവും യോഗ പ്രകടനവും റജീന സലീം, സുജിത് ടീം പഴമയും പുതുമയും ചേര്‍ന്നുള്ള വ്യത്യസ്തമായ ഫാഷന്‍ ഷോയും ഒരുക്കി.

ജോജു കൊമ്പന്‍, നാസര്‍ കാട്ടിലാന്‍, ഷെറിന്‍, സൗമ്യ രാജേഷ്, രമ്യ സജീവ്, രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ് എന്നിവര്‍ ആദിത്യോപചാരം നിര്‍വഹിച്ചു.


