
കാബൂള്‍: താലിബാന്‍ നേതാവ് അബ്ദുല്‍ ഗനി ബരാദറുമായി സി ഐ എ ഡയറക്ടര്‍ വില്യം ബേണ്‍സ് കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണ്‍ പോസ്റ്റും അസോസിയേറ്റഡ് പ്രസ്സുമാണ് യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
താലിബാന്‍ നല്കിയ അവസാന തിയ്യതിക്ക് മുമ്പ് ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാനുള്ളതിനാല്‍ അമേരിക്കന്‍ സൈന്യം കൂടുതല്‍ തീവ്രമായ ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം അഫ്ഗാനിസ്ഥാനില്‍ നിന്നും ഏകദേശം പതിനാറായിരം പേരെയാണ് ഒഴിപ്പിച്ചത്.

അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി ആഗസ്ത് 31ല്‍ നിന്നും നീട്ടാന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതിനിടെ ജി 7 വെര്‍ച്വല്‍ ഉച്ചകോടിയില്‍ ബ്രിട്ടന്‍ അതിനായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
എന്നാല്‍ ആഗസ്ത് 31നകം തന്നെ യു എസ് സൈനികരെ പൂര്‍ണമായും പിന്‍വലിക്കാനാണ് പദ്ധതി പുരോഗമിക്കുന്നതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

കാബൂള്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് യു എസ് സൈനികരാണുളളത്. അവര്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ നിന്ന് യു എസ് പൗരന്മാരെയും അഫ്ഗാനികളേയും മറ്റു പൗരന്മാരേയും ഒഴിപ്പിക്കുകയാണെന്നും താലിബാന്‍ കമാന്‍ഡര്‍മാരുമായി ആശയവിനിമയം തുടരേണ്ടത് ആവശ്യമാണെന്നും കിര്‍ബി പറഞ്ഞു.

