യു എന്‍ പൊതുസഭയില്‍ താലിബാന്‍ പ്രതിനിധിക്ക് സംസാരിക്കാനാവില്ല

Web Desk
1 Min Read

ന്യൂയോര്‍ക്ക്: യു എന്‍ പൊതുസഭയുടെ 76-ാം സമ്മേളനത്തില്‍ താലിബാന്‍ പ്രതിനിധിക്ക് പങ്കെടുക്കാനാവില്ല. സമ്മേളനത്തില്‍ സംസാരിയ്ക്കാന്‍ താലിബാന്‍ പ്രതിനിധിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കത്ത് നല്‍കിയെങ്കിലും അംഗീകാരം ലഭിച്ചില്ല.
മുന്‍ സര്‍ക്കാര്‍ നിയമിച്ച ഗുലാം ഇസാക്‌സായിക്ക് അഫ്ഗാനിസ്ഥാനെ പ്രതിനിധാനം ചെയ്ത് ലോകനേതാക്കളെ അഭിസംബോധന ചെയ്യുമെന്നാണ് യു എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് വ്യക്തമാക്കിയത്.

city exchange

ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനം തിങ്കളാഴ്ചയാണ് അവസാനിക്കുക. സമ്മേളനത്തെ ഏറ്റവും ഒടുവില്‍ അഭിസംബോധന ചെയ്യുന്നത് അഫ്ഗാനിസ്ഥാന്‍ പ്രതിനിധിയായിരിക്കും.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായിരുന്ന അഷറഫ് ഗനിയുടെ പ്രതിനിധിയാണ് ഗുലാം ഇസാകസായിക്കെന്നും എന്നാല്‍ ആഗസ്ത് 15ന് ഗനിയെ പുറത്താക്കിയെന്നും താലിബാന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ലോകരാജ്യങ്ങളൊന്നും ഗനിയെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി അംഗീകരിക്കുന്നുമില്ല. യു എന്നിലെ അഫ്ഗാനിസ്ഥാന്റെ പുതിയ സ്ഥിരം പ്രതിനിധിയായി ഖത്തറിലെ സമാധാന ചര്‍ച്ചകളില്‍ താലിബാന്റെ വക്താവായിരുന്ന മുഹമ്മദ് സുഹൈല്‍ ഷഹീനെ നാമനിര്‍ദേശം ചെയ്യുകയാണെന്നും കത്തില്‍ പറയുന്നു.

താലിബാന്റെ കത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ ക്രെഡിന്‍ഷ്യല്‍ കമ്മിറ്റിക്കാണ് യു എന്‍ കൈമാറിയത്. പ്രസ്തുത കമ്മിറ്റിയാണ് പ്രതിനിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാല്‍ സമ്മേളനം അവസാനിക്കാതെ കമ്മിറ്റി കൂടാന്‍ സാധ്യതയില്ലാത്തതിനാല്‍ താലിബാന്റെ ആവശ്യം അംഗീകരിക്കപ്പെടാനുള്ള സാധ്യതയില്ല. കമ്മിറ്റി സാധാരണയായി നവംബറിലാണ് ചേരുന്നതെന്നും ഉചിതമായ സമയത്ത് വിധി പുറപ്പെടുവിക്കുമെന്നും അസംബ്ലി വക്താവ് മോണിക്ക ഗ്രെയ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചട്ടപ്രകാരം കമ്മിറ്റി തീരുമാനമെടുക്കുന്നത് വരെ ഇസാക്‌സായിക്ക് അഫ്ഗാന്‍ പ്രതിനിധിയായി തുടരും. താലിബാന്റെ ഒന്നാം ഭരണകാലത്തും യു എന്‍ അന്നത്തെ സര്‍ക്കാരിനെ അംഗീകരിച്ചിരുന്നില്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!